കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിടുന്ന ലോഡ്ജുകളുടെ ലൈസൻസ് റദ്ദാക്കണം : പൗരാവകാശ വേദി
ഗുരുവായൂർ: നിയമ വിരുദ്ധമായി കാനയിലേക്ക് കക്കൂസ് മാലിന്യ മടക്കം ഒഴുക്കിവിടുന്ന ലോഡ്ജുകളുടെയും, ഹോട്ടലുകളുടെയും ലൈസൻസ് റദ്ദ് ചെയ്യാൻ നഗരസഭ തയ്യാറാവണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു. മഴവെള്ളമൊഴികെ മറ്റൊരു തരത്തിലുള്ള മാലിന്യവും പൊതു കാനയിലേക്ക് ഒഴുക്കിവിടുന്നത് നിയമപരമായി കടുത്ത തെറ്റാണെന്നിരിക്കെ നഗരസഭ ഒരിക്കലും ഇത്തരമൊരാവശ്യം അനുവദിക്കരുത്. ഉറവിട മാലിന്യ സംസ്ക്കരണമെന്ന സർക്കാരിന്റെയും, നരസഭയുടെയും കർശന നിയമത്തെ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ തയ്യറാകണമെന്നും പൗരാവകാശ വേദി ആവശ്യപ്പെട്ടു.
അമ്യത് പദ്ധ തി പ്രകാരം പണിയുന്ന കാനയിലേക്ക് മാലിന്യ മൊഴുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന കെ.വി.അബ്ദുൽ ഖാദർ എം എൽ എ യുടെ നിലപാട് സ്വഗതാർഹമാണ്.ഈ നിലപാടിൽ ഉറച്ചു നിന്നു കൊണ്ട് പ്രവർത്തിക്കാൻ നഗരസഭാ ഭരണാധികാരികൾ ഇച്ഛാശക്തി കാണിക്കണം.
നിയമം പാലിച്ച് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന നിരവധി സ്ഥാപനങ്ങൾ ഗുരുവായൂരിൽ പ്രവർത്തിക്കുന്നുണ്ട് ഇവർക്ക് യാതൊരു ബുദ്ധിമുട്ടും പുതിയ കാനനിർമാണം മൂലം ഉണ്ടാകുന്നില്ലെന്നിരിക്കെ നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത അധികാരികൾക്കില്ലെന്ന് ഓർക്കണം.നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ സംരക്ഷിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തിനായി ഗുരുവായൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ പാക്കേജ്ഡ് പ്ലാന്റുകൾ സ്ഥാപിച്ച് മാലിന്യ സംസ്ക്കരണത്തിനായി കൃത്യമായി ആസൂത്രണത്തോടെയും, ശാസ്ത്രിയടിത്തറയോടെയും പദ്ധതികൾ തയ്യറാക്കൽ മാത്രമേ നഗരം നേരിടുന്ന മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമെന്നും പൗരാവകാശ വേദി അഭിപ്രായപെടുന്നു.
അങ്ങാടിത്താഴം, എടപ്പുള്ളി, ചക്കംകണ്ടം, തെക്കൻ പാലയൂർ പ്രദേശത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചു കൊണ്ടും, മനുഷ്യാവകാശങ്ങൾ ലംഘിച്ചുകൊണും മനുഷ്യ മലമടക്കമുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്നവരെയും, അവരെ സംരക്ഷിക്കുന്നവരേയും തുറന്ന് കാട്ടാൻ പൗരാവകാര വേദി ജനങ്ങൾക്കൊപ്പം കക്ഷിരാഷ്ട്രിയത്തിനതീതമായി നിലകൊള്ളുമെന്നും ഇതിനായി ശക്തമായ സമരപരിപാടികളും, നിയമപരമായ പോരാട്ടങ്ങളും സംഘടന എറ്റെടുക്കുമെന്നും യോഗം അസന്നിഗ്ദമായി പ്രഖ്യാപിച്ചു.
യോഗത്തിൽ പ്രസി.നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
വി.പി.സുഭാഷ്, ശ്രീധരൻ ചക്കംകണ്ടം,അനീഷ് പാലയൂർ, ഫാമീസ് അബൂബക്കർ, മജീദ് ചക്കംകണ്ടം, കെ.യു.കാർത്തികേയൻ, ആർ.കെ.സമീർ, സുനിൽ വലിയപുരക്കൽ, ദസ്തഗീർ മാളിയേക്കൽ,നവാസ് തെക്കുംപുറം, ലത്തീഫ് പാലയൂർ, സി.എം.ജെനീഷ്,പ്രേമൻ കുഞ്ഞിക്കണ്ണൻ, വി.വി.യൂസഫ് പാലയൂർ, ഏ.കെ.നിഷാദ്, പി.എ.സാജിദ്, സലീം കളരിപറമ്പ്, സോമൻ അതിരിങ്ങൽ, ആർ.വി.ജമാലുദ്ദീൻ, എന്നിവർ സംസാരിച്ചു.
സെക്രട്ടറി കെ.പി.അഷ്റഫ് സ്വാഗതവും ഷാജു മൂരായ്ക്കൽ നന്ദിയും പറഞു.