ശബരിമല , പുനഃ പരിശോധന ഹർജിയിൽ വിധി വൈകും

ദില്ലി: ശബരിമല സ്ത്രീ പ്രവേശനവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേട്ടെങ്കിലും വിധി, കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്നതിന് മുമ്പ് ഉണ്ടാകില്ല. 65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറിച്ച് ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും രേഖാമൂലം എഴുതി തരാനാണ് ആവശ്യപ്പെട്ടത്. ഇതിനായി ഏഴ് ദിവസം സമയവും സുപ്രീംകോടതി നല്‍കി.

ഇതുപ്രകാരം ഫെബ്രുവരി 13 വരെയാണ് വാദങ്ങള്‍ എഴുതി നല്‍കാനാകുക. വാദങ്ങള്‍ പഠിച്ചതിന് ശേഷമായിരിക്കും കോടതി വിധി പറയുക. എന്നാല്‍ ഫെബ്രുവരി 12-ന് കുംഭ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കും. അതുകൊണ്ടുതന്നെ കുംഭമാസ പൂജയ്ക്കായി നട തുറക്കുന്നതിന് മുമ്പ് വിധി ഉണ്ടാകില്ല.
നാടകീയ രംഗങ്ങളോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഹർജികളില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. വാദിക്കാനായി ബഹളം വെച്ച അഭിഭാഷകർക്ക് ഒടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി താക്കീത് നൽകുകയായിരുന്നു. കോടതിയിൽ മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മുന്നറിയിപ്പ്. ‍

രാവിലെ പത്ത് മണിക്ക് ആരംഭിച്ച വാദത്തിന്‍റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്കാണ് അവസരം നല്‍കിയത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷക‍ ഇന്ദിരാ ജയ്‍സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.

അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തേ സ്വീകരിച്ച നിലപാട് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മാറ്റി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയെ അനുകൂലിക്കുന്നതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോർഡിന്‍റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.

എന്നാല്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തെ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തു. യുവതീ പ്രവേശനത്തെ നിങ്ങള്‍ നേരത്തെ എതിര്‍ത്തിരുന്നുവല്ലോയെന്ന് അവര്‍ ചോദിച്ചു. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്‍റെ നിലപാടാണ് അറിയിക്കുന്നത് എന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി