Above Pot

ശബരിമലയിൽ ആർ എസ് സിന്റെ ബി ടീമായി പോലീസ് പ്രവർത്തിക്കുന്നു :രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയുടെ നിയന്ത്രണം പോലിസിനു തന്നെയാണെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും പോലീസിന് അവിടെ യാതൊരു നിയന്ത്രണങ്ങളും ഇല്ലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

എല്ലാസുരക്ഷാ സംവിധാനവും ഒരുക്കിയിട്ടും പോലീസിനെ നോക്കുകുത്തിയാക്കി ആര്‍ എസ് എസ് നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയാണ് ശബരിമലയില്‍ കണ്ടത് .ആര്‍ എസ് എസിന്റെ ബി ടീമായിട്ടാണ് പോലീസ് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നത്.

സേനയുടെ മെഗാഫോണ്‍ ഉപയോഗിച്ചാണ് സംഘപരിവാര്‍ നേതാക്കള്‍ അഭിസംബോധന ചെയ്യുന്നത്. സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി കൂടുതല്‍ വ്യക്തമാവുകയാണ്. 50 വയസ് കഴിഞ്ഞ ഭക്തകള്‍ക്ക് നേരേ ആക്രമണം ഉണ്ടായപ്പോള്‍ ഇടപെടാതെ കൈയും കെട്ടി മാറിനില്‍ക്കുകയാണ് പോലീസ് ചെയ്തത്.ചരിത്രത്തില്‍ ആദ്യമായിട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ ശബരിമലയില്‍ ആക്രമിക്കപ്പെടുന്നത്.144 പ്രഖ്യാപിച്ചതിനാല്‍ തന്ത്രിയെ കാണാന്‍ പോലും ആരെയും അനുവദിക്കാത്ത സാഹചര്യത്തിലാണ് സംഘപരിവാര്‍ നേതാക്കളെ ശബരിമലയില്‍ തങ്ങാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്.

ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ആയി ആര്‍.എസ്.എസ് നേതാക്കളെ ഏല്‍പ്പിച്ച പോലെയാണ് പോലീസ് പെരുമാറുന്നത്. പോലീസിനെ സംഘപരിവാറിന്റെ റിമോട്ട് കണ്‍ട്രോളര്‍ ആക്കരുത്.ശബരിമലയില്‍ കലാപമുണ്ടാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാറും സിപിഎമ്മും ഈ ആസൂത്രിത നീക്കങ്ങളില്‍ നിന്നും പിന്മാറണം.ശബരിമലയില്‍ സമാധാന അന്തരീക്ഷം പുലരണം.തീര്‍ത്ഥാടകരുടെ ആശങ്ക ഒഴിവാക്കണം. തന്നില്‍ നിന്നും നിയമോപദേശം തേടി എന്ന ശ്രീധരന്‍ പിള്ളയുടെ അവകാശവാദം തന്ത്രി രാജീവര് കണ്ഠരര് തള്ളിക്കളഞ്ഞിട്ടും വീണ്ടും അദ്ദേഹത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡ് നടപടി അനുചിതമാണ്. പ്രതിഷ്ഠയുടെ പിതൃസ്ഥാനമുള്ള തന്ത്രിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം. അയ്യപ്പഭക്തന്മാരുടെ ഹൃദയവേദന സര്‍ക്കാരും ബോര്‍ഡും തിരിച്ചറിയണമെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ വ്യക്തമാക്കി.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരപരാധികളായ നിരവധി പേരുടെ ജീവനുകള്‍ പൊലീസിന്റെ അതിക്രമത്താല്‍ പൊലിഞ്ഞിട്ടുണ്ട്. ഒടുവിലത്തെ ഇരയാണ് നെയ്യാറ്റിന്‍കരയിലെ സനല്‍കുമാര്‍.

വണ്ടിക്ക് മുന്നിലേക്ക് സനല്‍കുമാറിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ് പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണം. അതി ക്രൂരമായ നടപടിയാണ് ഡി വൈ എസ് പിയുടെ ഭാഗത്ത് നിന്നുണ്ടായത്. വാക്ക് തര്‍ക്കത്തിനിടെ ഡി വൈ എസ് പി ഹരികുമാര്‍ മറ്റൊരു വാഹനത്തിന് മുന്നിലേക്ക് സനല്‍കുമാറിനെ പിടിച്ച് തള്ളുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഡി വൈ എസ് പിക്ക് തന്റെ വാഹനം എടുക്കാന്‍ കഴിയാത്ത വിധത്തതില്‍ വണ്ടി പാര്‍ക്ക് ചെയ്തു എന്ന് ആരോപിച്ചാണ് ഡിവൈ എസ് പി ഹരികുമാര്‍ സനലിനെ പിടിച്ച് തളളിയത്.

ഡി വൈ എസ് പിയെ കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡി വൈ എസ് പിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. അറസ്റ്റ് വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
മരിച്ച സനല്‍കുമാറിന്റെ ഭാര്യക്കും സര്‍ക്കാര്‍ ജോലി നല്‍കണം. ഈ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും നല്‍കണം.
ഇതിന്റെ ഉത്തരവാദിത്വത്തതില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമക്കുന്നു.