എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം കവി സച്ചിദാനന്ദന്
ചാവക്കാട് : 2019-ലെ എസ്.എസ്.എഫ് സാഹിത്യോത്സവ് പുരസ്‌കാരത്തിന് കവി സച്ചിദാനന്ദനെ തിരഞ്ഞെടുത്തു.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, സാംസ്‌കാരിക ചിന്തകന്‍ കെ.ഇ.എന്‍, ഫ്രണ്ട്ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, രിസാല മാനേജിംഗ് എഡിറ്റര്‍ എസ്. ശറഫുദ്ദീന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
വിവര്‍ത്തകന്‍, നിരൂപകന്‍, സാഹിത്യസൈദ്ധാന്തികന്‍ തുടങ്ങി വിവിധ രൂപങ്ങളില്‍ സച്ചിദാനന്ദന്‍ ഏറ്റെടുത്ത ഭാഷാപ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക വികാസ ചരിത്രത്തിലെ സുപ്രധാന സന്ദര്‍ഭങ്ങളാണെന്ന് ജൂറി വിലയിരുത്തി.
മതേതര ചേരിയുടെ ശക്തനായ വക്താവും രാജ്യത്തിന്റെ ദൈനംദിന വര്‍ത്തമാനങ്ങളുടെ സൂക്ഷ്മനിരീക്ഷകനുമെന്ന നിലയില്‍ സച്ചിദാനന്ദന്‍ നടത്തുന്ന ഇടപെടലുകള്‍ നമ്മുടെ സംസ്‌കാരത്തേയും ജനാധിപത്യത്തേയും കൂടുതല്‍ മഹത്വപ്പെടുത്തുന്നു എന്നും ജൂറി വിലയിരുത്തി.
33,333 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, പോക്കര്‍ കടലൂണ്ടി, തോപ്പില്‍ മുഹമ്മദ് മീരാന്‍, പ്രൊഫ. എം എ റഹ്മാന്‍, വീരാന്‍കുട്ടി, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍. സെപ്തംബര്‍ 28 ന് വൈകുന്നേരം 4 മണിക്ക് ചാവക്കാട് നടക്കുന്ന ഇരുപത്തിയാറാമത് എസ് എസ് എഫ് സാഹിത്യോത്സവ് വേദിയിലാണ് പുരസ്‌കാരം നല്‍കുന്നത്.