Above Pot

സിംബാബ്‌വേയുടെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെ അന്തരിച്ചു

സിംഗപ്പൂര്‍:ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയുടെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെ (95) അന്തരിച്ചു. സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഏപ്രിൽ . മുതല്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവിലെ പ്രസിഡന്റ് എമേഴ്സണ്‍ നന്‍ഗാഗ്വ ആണ് മുഗാബയുടെ മരണവിവരം പുറത്തുവിട്ടത് കോളനി വാഴ്‌ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും നാലു പതിറ്റാണ്ടോളം ഭരണം കുത്തകയാക്കുകയും, ഒടുവില്‍ ഏകാധിപതിയായി ‘മുദ്രകുത്തി’ ജനങ്ങള്‍ സ്ഥാനഭ്രഷ്ടനാക്കിയതായിരുന്നു പ്രസിഡന്റ് റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെയെ

.

രാജ്യം സ്വതന്ത്രമായ 1980ല്‍ അധികാരത്തിലേറിയ മുഗാബെ, 2017 നവംബറില്‍ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്. ‘സ്വേച്ഛാധിപതിയായ ഭരണാധികാരി’ എന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ മുഗാബെയെ വിശേഷിപ്പിച്ചിരുന്നത്. 1990ല്‍ രാജ്യാന്തര ധാരണയ്‌ക്കുള്ള ജവഹര്‍ലാല്‍ നെഹ്രു അവാര്‍ഡ് നേടിയ മുഗാബെയാണ് കാല്‍ നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരയായി അധികാരഭ്രഷ്ടനായത്.
ആധുനിക സിംബാബ്‌വേയുടെ പഴയ രൂപമായിരുന്ന തെക്കന്‍ റൊഡേഷ്യയില്‍ 1924 ഫെബ്രുവരി 21നാണ് മുഗാബെയുടെ ജനനം.

ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ പോരാടി വെള്ളക്കാരെ കെട്ടുകെട്ടിച്ച്‌ ഭരണം കറുത്തവര്‍ സ്വന്തമാക്കിയതിന് പിന്നില്‍ മുഗാബെയുടെ നേതൃത്വമായിരുന്നു . റോഡേഷ്യന്‍ സര്‍ക്കാറിനെ വിമര്‍ശിച്ചതിന് 1964 മുതല്‍ 10 വര്‍ഷത്തോളം വിചാരണയില്ലാതെ ജയിലിലടയ്ക്കപ്പെട്ടു. തടവിലായിരിക്കെ, 1973ല്‍ സിംബാബ്‌വേ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ (സാനു) പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി. സിംബാബ്‌വേ സ്വാതന്ത്ര്യം നേടിയതിന് ശേഷം 1980ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മുഗാബെ ചുമതലയേറ്റു. 1987ല്‍ പ്രസിഡന്റായി. അധികാര പ്രമത്തത ബാധിച്ചതോടെ മുഗാബെ സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറി.

buy and sell new

2017ല്‍ സൈന്യം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തു. നിയമനടപടികളില്‍ നിന്ന് ഒഴിവാക്കാമെന്ന ഉറപ്പിലാണ് മുഗാബെ രാജിക്ക് തയ്യാറായത്. ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടി മുഗാബെയെ പുറത്താക്കി നന്‍ഗഗ്വയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
സാലി ഹായ്‌ഫ്രോണായിരുന്നു ആദ്യഭാര്യ. അവരുടെ മരണശേഷം 1996ല്‍ ഗ്രേസ് മാറുഫുവിനെ വിവാഹം ചെയ്തു. ആദ്യഭാര്യയിലെ മകന്‍ നാലാം വയസില്‍ മരിച്ചു. ഇപ്പോഴത്തെ വിവാഹത്തില്‍ മൂന്നുമക്കള്‍.

First Paragraph  728-90