യു.ഡി.എഫ് അപ്രസക്തമായെന്ന് സി.പി.എം പ്രചരിപ്പിക്കുന്നത് ബി.ജെ.പിയെ വളര്‍ത്താന്‍ – രമേശ് ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫിനെ അപ്രസക്തമായെന്ന് പ്രചരിപ്പിച്ച് ബി.ജെ.പിയെ വളര്‍ത്താനുള്ള തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരളത്തിലെ ജനം ഇത് തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്‍റെ മതേതര മനസിനെ വിഷലിപ്തമാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എസ്.ഡി.പി.ഐയുമായി പരസ്യമായ കൂട്ടുകെട്ടാണ് സി.പി.എം ഉണ്ടാക്കിയത്. സമുദായങ്ങളും ജാതികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാക്കി നേട്ടം കൊയ്യാനാണ് ഇടത് ശ്രമം.
തെരഞ്ഞെടുപ്പില്‍ 2015നേക്കാള്‍ നേട്ടം യു.ഡി.എഫിന് ഉണ്ടായി. എന്നാല്‍ പാളിച്ചകള്‍ സമ്മതിക്കുന്നു. നിലവിലെ സാഹചര്യത്തിന് അനുസൃതമായ നേട്ടം ഉണ്ടാക്കാനായില്ല. കോവിഡിന്‍റെ പ്രത്യേക പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. പ്രചാരണത്തിന് പരിമിതികള്‍ ഉണ്ടായിരുന്നു.
അഴിമതിയും കൊള്ളയും നടത്തുന്ന ഒരു സര്‍ക്കാറാണ്. എന്നാല്‍, അത് പ്രതിഫലിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് സാധിച്ചില്ല. ഒരു തെരഞ്ഞെടുപ്പ് ഫലം കൊണ്ട് ഇതൊന്നും ഇല്ലാതാകുന്നില്ല.
കേരളത്തില്‍ ബി.ജെ.പി ക്ലച്ച് പിടിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. യു.ഡി.എഫ് പാളിച്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ശക്തമായി തിരിച്ചുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.