യാത്രക്കാരുടെ സുരക്ഷ, എല്ലാ കാറുകളിലും രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കും

ന്യൂ ഡൽഹി : കാറുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ എല്ലാ കാറുകളിലും രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 800 സി.സിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് എ.ബി.എസ്. നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം.

ഈ നിര്‍ദേശം വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് സ്റ്റാന്റേഡ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ച്‌ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ നിര്‍ദേശം ഡ്രൈവറിന്റെ സുരക്ഷ മാത്രമാണ് ഉറപ്പാക്കുന്നത്. അപകടങ്ങളില്‍ മുന്നിലെ യാത്രക്കാര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് പരിഗണിച്ചാണ് രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. സ്പീഡ് അലേര്‍ട്ട്, സീറ്റ് ബൈല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സര്‍ എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്. വാഹനത്തിന്റെ വിലയും നിര്‍മാണച്ചെലവും കുറയ്ക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്നതാണ് പൊതുവെയുള്ള കീഴ്വഴക്കം. ഇത് തടയാനാണ് ഈ നിര്‍ദേശമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം