സംഗീത നാടക അക്കാദമിയുടെ ജാതി വിവേചനം, കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു
തൃശ്ശൂര്‍: നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു. അമിത അളവിൽ ഉറക്ക ഗുളിക ഉള്ളിൽചെന്ന നിലയിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ശനിയാഴ്ച രാത്രി ഏഴോടെ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന്സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നെങ്കിലും വിശദ പരിശോധനയിൽ ഉറക്കഗുളികയാണെന്ന് തെളിയുകയായിരുന്നു. പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതായി രാമകൃഷ്ണൻ പരാതിപ്പെട്ടിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.
‘രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തന്നോട് പറഞ്ഞതെന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍. തന്നെപ്പോലെ പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരാൾക്ക് അവസരം നൽകില്ല എന്ന ധാർഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവർത്തി ചെയ്യിച്ചതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. വിവിധ സംഘടനകളുടെ സമരപരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.
<