Madhavam header
Above Pot

ആർക്കും ഞങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന് രാഹുല്‍. നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുരും പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി∙ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് ഹത്രസിലെത്തിയ പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരത വിവരിച്ചു. ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഒരു ശക്തിക്കും ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തെ യുപി ഭരണകൂടം ഭീഷണിപ്പെടുത്തുന്നുവെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നിയമപോരാട്ടത്തില്‍ കുടുംബത്തിന് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Astrologer

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് രാഹുലിനൊപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍.

എംപിമാരടങ്ങുന്ന മുപ്പതംഗ സംഘത്തെ ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അതിര്‍ത്തി കടത്തിവിട്ടത്. ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്‌റസ് സന്ദര്‍ശിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. രണ്ടു ദിവസം മുമ്പ് ഇരുവരേയും വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്ത ശേഷം യുപി പോലീസ് തിരിച്ചയച്ചിരുന്നു. ഇന്ന് രാവിലെയാണ് ഹാഥ്‌റസിലേക്ക് വീണ്ടും പോകുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചത്. 

ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിനും സംഘത്തിനും അഭിവാദ്യമര്‍പ്പിക്കാനായി എത്തിയിരുന്നു. ഇവരെ പിന്നീട് ലാത്തിചാര്‍ജ് നടത്തിയാണ് പോലീസ് നീക്കിയത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിലും കുടുംബത്തെ ബന്ധികളാക്കി അര്‍ധരാത്രി പോലീസ് മൃതദേഹം സംസ്‌കരിച്ചതിലും രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്.

അതിനിടെ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥിൻ്റെ പ്രഖ്യാപനം വന്നത്. 

Vadasheri Footer