വയനാട്ടിലേക്ക് 50,000 കിലോ അരിയും ഭക്ഷ്യ സാധനങ്ങളും എത്തിച്ച് രാഹുൽഗാന്ധി
മാനന്തവാടി: പ്രളയം തകര്‍ത്ത സ്വന്തം മണ്ഡലമായ വയനാടിനെ കൈവിടാതെ രാഹുല്‍ഗാന്ധി. രാഹുലിന്റെ നിര്‍ദേശപ്രകാരമുള്ള സഹായങ്ങള്‍ വയനാട്ടില്‍ എത്തി തുടങ്ങി. ദുരിതത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളാണ് വയനാട്ടിലെത്തിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അവശ്യവസ്തുക്കള്‍ ലഭ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടമായി 50,000 കിലോ അരിയും ഭക്ഷ്യസാധനങ്ങളും രാഹുലിന്റെ ഓഫിസ് മുഖേന വയനാട്ടില്‍ എത്തിയത്.
പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളാണ് രണ്ടാംഘട്ടത്തിലുള്ളത്. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ വയനാട്ടിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്‌ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ജില്ലയിലെ വിവിധ ക്യാമ്ബുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി വയനാടിനെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ട്വിറ്ററില്‍ കുറിപ്പ് ഇട്ടിരുന്നു. ശേഷം ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ തന്റെ ഓഫിസിന് നിര്‍ദേശവും നല്‍കി. ഇതിന് പിന്നാലെയാണ് സഹായം എത്തിത്തുടങ്ങിയത്.
വയനാട്, മലപ്പുറം ജില്ലകളിലെ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് രാഹുല്‍ നടത്തിയത്. ആദ്യദിവസം ഉരുള്‍പൊട്ടലില്‍ വന്‍നാശം വിതച്ച മലപ്പുറം നിലമ്ബൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചില്‍ ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്.