റഫാൽ ഇടപാട് , മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ട് : രാഹുൽ ഗാന്ധി
ദില്ലി: റഫാല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ രേഖകല്‍ മോഷണം പോയെന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ വാദവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്നും, റാഫേലിന്റെ തുടക്കവും ഒടുക്കവും മോദിയാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്റഎ ട്വിറ്റര്‍ പേജിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
രേഖകള്‍ കളവ് പോയെന്ന വാദ് അഴിമതി മറക്കാനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയല്ല വിഷയം, അഴിമതിയുണ്ടായെങ്കില്‍ രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് സര്‍ക്കാരിന് ഒളിച്ചിരിക്കാനാവില്ലെ. രേഖകള്‍ മോഷ്ടിച്ചതെന്ന വാദത്തില്‍ സത്യവാങ് മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷണ്‍ രേഖകളും മാധ്യമ റിപ്പോര്‍ട്ടുകളും ഹാജരാക്കിയപ്പോഴാണ് രേഖകള്‍ മോഷ്ടിച്ചതെന്ന് വാദം എ ജി ഉയര്‍ത്തിയത്. പുറത്തുവരാന്‍ പാടില്ലാത്ത രേഖകളാണ് പുറത്ത് പോയത്. ഇതേകുറിച്ച് അന്വേഷിച്ച് വരികയാണെന്നും പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രേഖകള്‍ മോഷണം പോയതെന്നുമാണ് എജി കോടതിയില്‍ പറഞ്ഞത്.
ഇതിനിടെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന് ‘ദി ഹിന്ദു’ ചെയര്‍മാന്‍ എന്‍ റാം വ്യക്തമാക്കി. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് രേഖകള്‍ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിദ്ധീകരിക്കാനുള്ളത് ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവയെല്ലാം ആധികാരികമായ രേഖകളായിരുന്നുവെന്നും , നിങ്ങള്‍ അതിനെ മോഷ്ടിക്കപ്പെട്ട രേഖകളെന്ന് വിളിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആ രേഖകള്‍ എല്ലാം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നായിരുന്നു എജി കോടതിയില്‍ വ്യക്തമാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റഫാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടവയാണെന്ന് വ്യക്തമാക്കിയത്.