728-90

റിമാൻഡ് പ്രതിയുടെ ജയിലിലെ ദുരൂഹമരണം , ആക്ഷൻ കൗൺസിൽ സബ്ജയിലിലേക്ക് മാർച്ച് നടത്തി

Star

ചാവക്കാട്: പീഡന കേസിലെ റിമാന്‍ഡ് പ്രതി ഉമര്‍ ഖത്താബിനെ സബ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഒരുമനയൂര്‍ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സബ് ജയിലിന് മുന്നിലേക്ക് മാർച്ച് നടത്തി.സംഭവത്തിലെ ദുരുഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.ഉമര്‍ ഖത്താബിനെ ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചതും തൊട്ടടുത്തുള്ള ചാവക്കാട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ വൈകിയതും ദുരൂഹത ഉയര്‍ത്തുന്നതായി ആക്ഷൻ കൗൺസിൽ ആരോപിച്ചു .

സംഭവം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമാണ് തൊട്ടടുത്തുള്ള ചാവക്കാട് പോലീസില്‍ വിവരം ലഭിച്ചത്.ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെന്ന ജയില്‍ ജീവനക്കാരുടെ മൊഴിയും മരിച്ചതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന ഡോക്ടറുടെ മൊഴിയും തമ്മിലെ പൊരുത്തക്കേട് അന്വേഷിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.ഗോപകുമാര്‍ സ്ഥലത്തെത്തി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കിയതോടെയാണ് ജയിലിന് മുന്നിലെ ധര്‍ണ അവസാനിപ്പിച്ചത്.ആക്ഷൻ കൗൺസിൽ പ്രവര്‍ത്തകരായ കെ.ജെ.ചാക്കോ,പി.എം.താഹിര്‍, പി.പി.മൊയ്‌നുദ്ദീന്‍,
വി.എം.ഹംസക്കുട്ടി,ഹംസ കാട്ടത്തറ,വി.പി.സുബൈര്‍,എ.സലീം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

.

ഒരുമനയൂർ മൂന്നാംകല്ല് പരേതനായ രായം മരക്കാർ വീട്ടിൽ അബ്ദുവിൻെറ മകൻ ഉമർ ഖത്താബ് (29) ആണ് ഞായറാഴ്ച്ച രാത്രി ഏഴരയോടെ മരണപ്പെട്ടത് . ജയിലിലെ സെല്ലിനകത്ത് തൂങ്ങി മരിച്ചെന്നാണ് ജയിലധികൃതർ അവകാശപ്പെടുന്നത് . കഴിഞ്ഞ മാസം 25ന് വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ പീഡിപ്പിക്കുകയും പണവും ആഭരണവും തട്ടിയെന്ന പരാതിയിൽ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണ് ഇയാളെ കോടതി റിമാൻറിൽ അയച്ചത്. ഒരുമനയൂർ മൂന്നാം കല്ലിൽ ഓട്ടോ തൊഴിലാളിയായിരുന്നു. ജമീലയാണ് മാതാവ്. സഹോദരങ്ങൾ: അലി, ജാഫർ, റാഷി, ഖയ്യൂം, മക്ബൂൽ