തൃശൂരിൽ ബിരുദ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
തൃശൂര്‍: തൃശൂരിൽ ബിരുദ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പൂങ്കുന്നം എകെജി നഗറില്‍ വയല്‍പ്പാടി ലക്ഷ്മണിന്റെ മകന്‍ 19കാരനായ അഭിലാഷാണ് കൊല്ലപ്പെട്ട കേസിൽ അയല്‍വാസി തോപ്പുംപറമ്ബില്‍ വീട്ടില്‍ രാമുവിന്റെ മകന്‍ ശ്രീകുമാറാണ് ശിക്ഷിക്കപ്പെട്ടത്. മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡ് തിരികെ നല്‍കാത്ത വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് തീരുമാനം. പിഴയടക്കാത്ത പക്ഷം ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് വിധിയില്‍ പറയുന്നു.
2011 ഏപ്രില്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂങ്കുന്നം എകെജി നഗര്‍ പബ്ലിക്ക് റോഡില്‍ വച്ചാണ് ശ്രീകുമാര്‍ അഭിലാഷിനെ കുത്തി കൊലപ്പെടുത്തിയത്. മെമ്മറി കാര്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ശ്രീകുമാര്‍ തന്റെ മൊബൈല്‍ മെമ്മറി കാര്‍ഡ് അഭിലാഷിന് നല്‍കിയിരുന്നു. സംഭവ ദിവസം പൂങ്കുന്നം എകെജി നഗര്‍ റോഡിലൂടെ സൈക്കിളില്‍ വരികയായിരുന്ന അഭിലാഷിനോട് റോഡരികില്‍ നിന്നിരുന്ന പ്രതി ശ്രീകുമാര്‍ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡ് തിരികെ നല്‍കാത്തതിനെ ചൊല്ലി ഇരുവരും വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും, പിടിവലിയുമായി. സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന പ്രദേശവാസികളായ ചെറുപ്പക്കാര്‍ ഇരുവരെയും പിടിച്ചു മാറ്റി. എന്നാല്‍ ശ്രീകുമാര്‍ അരയില്‍ നിന്ന് കത്തിയെടുത്ത് അഭിലാഷിനെ നെഞ്ചില്‍ കുത്തുകയായിരുന്നു.
അഭിലാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് സയന്റിഫിക് അസിസ്റ്റന്റ് ടിഎ ലാലി ശേഖരിച്ച രക്തക്കറയും പ്രതിയുടെയും മരണപ്പെട്ട അഭിലാഷിന്റെയും വസ്ത്രങ്ങളും രാസ പരിശോധനക്കയച്ചിരുന്നു. എന്നാല്‍ രാസ പരിശോധന നടത്തുന്നതിന് കാലതാമസം നേരിട്ടത് കേസിനെ വലച്ചു. അഭിലാഷിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് രക്ത ഗ്രൂപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധന നടത്തുന്നതിന് മൂന്ന് വര്‍ഷത്തിലധികം കാലതാമസം സംഭവിച്ചത് രക്ത ഗ്രൂപ്പ് നിര്‍ണ്ണയിച്ചതില്‍ മാറ്റം സംഭവിച്ചത് കേസിനെ സങ്കീര്‍ണമാക്കി