ദീപ നിശാന്തിനെതിരെ കവിത മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവി എസ് കലേഷ്
തൃശൂര്‍: ഇടതുപക്ഷ തീപ്പൊരിയും കേരളവര്‍മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവി എസ് കലേഷ് രംഗത്ത്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് കലേഷ് ദീപ നിശാന്തിനെതിരെ തിരിഞ്ഞത്. 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ’ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിഷാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് കലേഷിന്റെ ആരോപണം.
2011 മാര്‍ച്ച് നാലിന് തന്റെ കവിത ബ്ലോഗിലും മാധ്യമം ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ചിരുന്നു. അതിന് തന്റെ കൈവശം തെളിവുകളും ഉണ്ടെന്നാണ് കലേഷ് പറയുന്നത്. ‘മറ്റൊരു വ്യക്തിയുടെ പേരില്‍ വരികള്‍ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കളാണ് തനിക്ക് അയച്ചു തന്നത്. എ കെ പി സി ടി എ യുടെ ജേര്‍ണലിലാണ് കവിത അച്ചടിച്ചുവന്നത്. അതുകണ്ട് തനിക്ക് വിഷമം തോന്നി. അല്ലാതെന്ത് തോന്നാന്‍’ എന്നാണ് കലേഷ് ഇതേ കുറിച്ച് പറയുന്നത്. ഇതോടെ രണ്ട് കവിതകളുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. ദീപ നിഷാന്ത് വിഷയത്തില്‍ പ്രതികരിക്കണമെന്നും അവര്‍ കവിത കോപ്പി അടിച്ചതാണെന്നുമുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയും ചെയ്തു.
തന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ തന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും തനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്‍ ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. സര്‍വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നുമായിരുന്നു ദീപയുടെ പ്രതികരണം.
എസ് കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതിതീര്‍ത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോര്‍ക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomas അഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരന്‍ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചു.
2015ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്‍പ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ വരികള്‍ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു തന്നു. A.K.P.C.T.A യുടെ ജേര്‍ണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാന്‍!