Above Pot

കവിത മോഷണ വിവാദം , പ്രിൻസിപ്പൽ ഉടൻ റിപ്പോർട്ട് നൽകും

തൃശൂര്‍: ദീപ നിശാന്ത് കവിത മോഷ്ടിച്ചെന്ന ആരോപണത്തില്‍ യുജിസിക്ക് ഈ മാസം 31നകം കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവിച്ചതിനെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു നോട്ടീസ് മുഖാന്തിരം ആവശ്യപ്പെട്ടിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങള്‍ ശേഖരിച്ച്‌ ക്രോഡീകരിച്ചശേഷമാകും യുജിസിക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കുക. ദീപ നിശാന്തിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളജിന് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോളജ് തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു.

കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ അടിച്ചു വന്നത്. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.