Header

പെരിയ ഇരട്ട കൊല അന്വേഷണം നേതാക്കളിലേക്ക് , ഉദ്യോഗസ്ഥന് സ്ഥാന ചലനം

കാസര്‍കോട്: കാസര്‍കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കുന്നതായി ആരോപണം മുറുകുന്നു. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ വീണ്ടും മാറ്റിയതാണ് ആരോപണം ശക്തമാകാന്‍ കാരണമായിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം നല്കിയ എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് ഇപ്പോള്‍ മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. എറണാകുളത്തേക്കാണ് എസ്.പിയെ മാറ്റിയത്. കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് നടപടിയെന്നാണ് ആരോപണം.

കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. അദ്ദേഹം ചുമതലയേറ്റു. ആരോഗ്യ കാരണങ്ങളാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുഹമ്മദ് റഫീഖില്‍ നിന്ന് എഴുതി വാങ്ങിയാണ് മറ്റൊരു ഉദ്യോഗസ്ഥന് ചുമതല കൈമാറിയതെന്നാണ് അറിയുന്നത്. നേരത്തെ കേസില്‍ ഇടപെട്ട കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെയും കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പരാതി നല്‍കി. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്.

Astrologer

ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കൃത്യത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന രണ്ട് പേര്‍ രാജ്യം വിട്ടുവെന്നും കൊലപാതകത്തിന് മുമ്ബുള്ള ദിവസങ്ങളില്‍ പ്രതികളുമായി ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനും സി.പി.എം നേതാക്കളും ചേര്‍ന്ന് പ്രതികളുടെ വീട്ടില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം യാദൃച്ഛികമായ പ്രാദേശിക സംഭവമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പെരിയയിലെ സി.പി.എം പൊതുയോഗത്തില്‍ ഇന്നലെ പറഞ്ഞത്.

മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണവും മൊഴി എടുക്കലും സി.പി.എം നേതൃത്വത്തെ പ്രകോപിച്ചിരുന്നു. രഹസ്യ സ്വഭാവം സൂക്ഷിക്കാതെ മറ്റുള്ളവരുടെ മുന്നില്‍ വച്ചാണ് ഉദ്യോഗസ്ഥന്‍ മൊഴി രേഖപ്പെടുത്തുന്നതെന്നും, ഇടയ്ക്കിടെ ഇരകളുടെ കുടുംബവുമായി ബന്ധമുള്ളവര്‍ പറയുന്ന വിവരങ്ങളും മൊഴിയായി രേഖപ്പെടുത്തുന്നു എന്നതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചതത്രേ. കൂടുതല്‍ സി.പി.എം നേതാക്കളുടെ പേരുകള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതും സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നതായാണ് പറയുന്നത്. അതേ സമയം ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട ഏഴ് പേരില്‍ മാത്രം കേസ് ഒതുക്കിയാല്‍, കോടതി ഇടപെട്ട് കേസ് സി.ബി.ഐക്ക് കൈമാറുന്ന സാഹചര്യം ഉണ്ടാകുമോയെന്ന ആശങ്ക അന്വേഷണ ഉദ്യോഗസ്ഥരിലുണ്ട്.