പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് തിരിച്ചടി , സിബിഐ അന്വേഷണത്തിനെതിരായ ഹർജി തള്ളി.

ദില്ലി : കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാനസർക്കാരിന്‍റെ വാദം. സുപ്രീംകോടതി ഉത്തരവ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ കുടുംബം സ്വാഗതം ചെയ്തു. 

co-operation rural bank

ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. കേസ് സിബിഐയ്ക്ക് കൈമാറിയതുകൊണ്ട് പൊലീസിന്‍റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്‍റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സിബിഐയ്ക്ക് പൊലീസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

കേസിന്‍റെ പുരോഗതി സംബന്ധിച്ചുള്ള വിവരങ്ങൾ ഇന്ന് നടന്ന വാദത്തിൽ സിബിഐ കോടതിയെ അറിയിച്ചു. 2020 ആഗസ്റ്റ് 25-ന് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട രേഖകൾ എസ്‍പി യോട് നൽകാൻ ആവശ്യപ്പെട്ടു. അത് കിട്ടാത്തതുകൊണ്ട്, സെപ്റ്റംബറിൽ എഡിജിപിയോട് ഇതേ ആവശ്യം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ സിബിഐക്ക് അന്വേഷിക്കാൻ സാധിക്കുന്നില്ല. അതിനാൽ, കേസിന്‍റെ രേഖകൾ കൈമാറാൻ സർക്കാരിനോട് നിർദേശിക്കണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കേസ് രേഖകൾ എത്രയും പെട്ടെന്ന് കൈമാറാൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. 

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കൾ നൽകിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. 2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.

Leave A Reply

Your email address will not be published.