1000 by 319 pixels

പൊതുസേവന വാഹനങ്ങളിൽ അപായ ബട്ടൺ സംവിധാനം നിർബന്ധമാക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ

Star

തൃശൂര്‍ : പുതിയ മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓടുന്ന എല്ലാ പൊതുസേവന വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഡിവൈസ് ആൻഡ് പാനിക് ബട്ടൺ സംവിധാനം നിർബന്ധമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഈ അപായ ബട്ടൺ സംവിധാനം സംസ്ഥാനത്ത് പ്രവർത്തന സജ്ജമായിവരുന്നു. തൃശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ 11-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപായ ബട്ടൺ സംവിധാനം ഉപയോഗിച്ച് ആംബുലൻസ്, ഫയർ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദുരന്ത നിവാരണ സേന തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളിലേക്ക് ഒരേസമയം മുന്നറിയിപ്പ് നൽകാൻ കഴിയും. സർക്കാറിന്റെ വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച സഹായ സേവനങ്ങൾ അടിയന്തിര ഘട്ടങ്ങളിൽ താമസംവിനാ എത്തിക്കാൻ ഇതുവഴി കഴിയും. ഇതര സർക്കാർ വകുപ്പുകൾക്ക് വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

റോഡപകടങ്ങൾ, കുറക്കാനായി നടപ്പിലാക്കുന്ന സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജി.പി.എസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം എന്നിവ സംസ്ഥാനത്ത് നടപ്പിലാക്കുകയാണ്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവിംഗ് ടെസ്റ്റുകളും വാഹനക്ഷമതാ പരിശോധനകളും ഡിജിറ്റൽ ട്രാക്കിലേക്ക് മാറിവരുന്നു. വാഹന പരിശോധനയ്ക്കായുള്ള ഇ-ചലാൻ, മൊബൈൽ പി.ഒ.എസ് മെഷീനുകൾ തുടങ്ങിയ ഡിജിറ്റൽ പരിശോധന സംവിധാനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ ഭാഗമാവും.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള വാഹന പരിശോധന വഴി ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഇവ ധരിച്ചിട്ടുണ്ടോ എന്നതടക്കം അറിയാൻ കഴിയും. ഇതിന് വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കേണ്ടി വരുന്നില്ലെന്നതിനാൽ ഗതാഗത തടസ്സം ഒഴിവാക്കാം. പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വാഹന പരിശോധന നടത്താനുമാവും.

ചെക്ക് പോസ്റ്റുകൾക്ക് മുമ്പായി റോഡുകളിൽ സെൻസർ ഘടിപ്പിച്ച ഭാരംതൂക്കൽ സംവിധാനവും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനവും ഉടൻ നടപ്പിലാക്കും. ഇവ ഉപയോഗിച്ച് അമിതഭാരം ഉൾപ്പെടെ വാഹനത്തിന്റെ എല്ലാ വിവരങ്ങളും അറിയാനാവും. ഇതോടെ സംശയമുള്ള വാഹനങ്ങൾ മാത്രം നിർത്തി പരിശോധന നടത്തിയാൽ മതിയാവും. ചെക്ക് പോസ്റ്റുകളിലെ ഗതാഗത തടസ്സം കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. പരേഡ് പരിശോധിച്ച മന്ത്രി സല്യൂട്ട് സ്വീകരിച്ചു.

ഒരു വനിതയടക്കം 85 അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ ശനിയാഴ്ച അണിനിരന്നത്. ഇവർ ഇനി സേഫ് കേരളയുടെ ഭാഗമായ 85 വാഹന പരിശോധന സ്‌ക്വാഡുകളിൽ സേവനമനുഷ്ഠിക്കും. നാല് മാസത്തെ പരിശീലനത്തിൽ മികച്ച ഓൾറൗണ്ടറായി തിരുവനന്തപുരം തിരുവല്ലത്തെ വി. വിജേഷ്, മികച്ച ഇൻഡോർ കാഡറ്റ് ആയി എറണാകുളം ആലുവ മഞ്ഞപ്രയിലെ ഷിബു വർക്കി, മികച്ച ഔട്ട്‌ഡോർ കാഡറ്റായി തൃശൂർ കൊടുങ്ങല്ലൂരിലെ ടി.ബി. ബിഭീഷ് ബാബു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സിൻസിയറിറ്റി ആൻഡ് ഡെഡിക്കേഷൻ ട്രോഫിക്ക് കൊല്ലം ഈസ്റ്റ് കല്ലടയിലെ എസ്. ജിപ്സൺ അർഹനായി. മികച്ച കേഡറ്റുകൾക്ക് മന്ത്രി ഉപഹാരം നൽകി. ചടങ്ങിൽ ട്രാൻസ്പോർട്ട് കമീഷണർ ആർ. ശ്രീലേഖ, ഡിഐജി ട്രെയിനിംഗ് അനൂപ് കുരുവിള ജോൺ തുടങ്ങിയവരും പങ്കെടുത്തു.