Madhavam header
Above Pot

മലയാളത്തിന്റെ ദ്രാവിഡ തനിമ നിലനിർത്താൻ ശ്രമം വേണം: ഫ്രാൻസിസ് നൊറോണ

തൃശൂര്‍ : നമ്മുടെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങൾ മലയാള ഭാഷയുടെ ഉറവിടത്തിൽനിന്ന് സംസാരിക്കുന്നതാണ് തനതു മലയാള ഭാഷയെന്നും ആ ഭാഷയുടെ ദ്രാവിഡ തനിമ നിലനിർത്താൻ ബോധപൂർവമായ ശ്രമങ്ങൾ വേണമെന്നും പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഒളരിക്കര ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച ‘മലയാളം: കഥ, കവിത, വർത്തമാനം’ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാടൻ പാട്ടുകൾ, നാടൻ ശീലുകൾ, വയൽ പാട്ടുകൾ, ഞാറുനടീൽ പാട്ടുകൾ, വള്ളം തുഴയുമ്പോൾ പാടിയ പാട്ടുകൾ എന്നിവയെ മേച്ഛഭാഷയായി നാം കണ്ടു. സംസ്‌കൃതം കലർന്ന ഭാഷയെ ശ്രേഷ്ഠഭാഷയായും കണ്ടു. കടൽ മലയാളവും സമുദ്രം സംസ്‌കൃതവുമാണ്. എന്നാൽ കടലിനേക്കാൾ വലുതാണ് സമുദ്രം എന്നാണ് നാം പഠിപ്പിക്കുന്നത്.പണ്ടുകാലത്ത് കേരളത്തിലെ ക്രിസ്തീയ ഭവനങ്ങളിലുണ്ടായിരുന്ന, ചർച്ചുകളിലുണ്ടായിരുന്ന പ്രാർഥനാ പുസ്തകങ്ങൾ തമിഴിലായിരുന്നു. തമിഴായിരുന്നു കേരളത്തിലെ പള്ളികളിലെ പുരോഹിതൻമാർ ചൊല്ലിക്കൊണ്ടിരുന്നത്. തമിഴിൽനിന്നാണ് പ്രാർഥനകൾ പിന്നെ മലയാളത്തിലേക്ക് വരുന്നത്. മലയാള ഭാഷ തുടങ്ങുന്നത് നാം വിചാരിക്കുന്നതുപോലെ ‘ഇന്ദുലേഖ’യിൽനിന്നോ ‘വാസനാ വികൃതി’യിൽനിന്നോ അല്ല. അത് നമ്മുടെ തെറ്റിദ്ധാരണയാണ്. ഇത്തരം രചനകൾ വരുന്നതിന് മുമ്പേ തമിഴ് കലർന്ന മലയാളം ഇവിടെ ഉപയോഗിച്ചുകൊണ്ടിരുന്നു. അതുപോലെ അറബി മലയാളത്തിൽ വളരെ മനോഹരമായ നോവലുകളുണ്ട്. കുടാതെ, അർണോസ് പാതിരി ‘പുത്തൻ പാന’ എഴുതിയ പാതിരി മലയാളമുണ്ട്.

Astrologer

സംസ്‌കൃതം മലയാളത്തിലേക്ക് വന്നത് പിൽക്കാലത്താണ്. നമ്മുടെ ഭാഷ ദ്രാവിഡ ഭാഷയാണ്. അതിന്റെ തായ്ഭാഷ തമിഴാണ്. സംസ്‌കൃതം മലയാളത്തിൽവന്ന് കുറേ നവീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. അത് മലയാള ഭാഷയെ നവീകരിച്ചിട്ടുണ്ട്. പക്ഷേ, ദ്രാവിഡ ഭാഷയാണ് നമ്മുടെ ഉറവിടം. സംസ്‌കൃതം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് പുരോഹിതരായിരുന്നു. ദൈവത്തോട് ഏറ്റവും കൂടുതൽ അടുപ്പമുള്ള, ദൈവത്തെ തൊടാൻ കഴിയുന്നവർ ഉപയോഗിച്ച ഭാഷയായിരുന്നു സംസ്‌കൃതം. ദൈവത്തോട് ഏറ്റവും അകന്നുനിൽക്കാൻ വിധിക്കപ്പെട്ടവർക്ക് അത് പഠിക്കാൻ കഴിഞ്ഞില്ല. സമ്പൂർണ മലയാളത്തിലേക്ക് നാം പോവുമ്പോൾ ദ്രാവിഡ തനിമയുള്ള വാക്കുകൾ നാം ഉപയോഗിക്കണമെന്നും ഫ്രാൻസിസ് നൊറോണ പറഞ്ഞു.
കവി എം.എസ് ബനേഷ് സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജ് അധ്യക്ഷനായി. അസി. ഇൻഫർമേഷൻ ഓഫീസർ ആർ. ബിജു സ്വാഗതവും വായനശാല പ്രസിഡൻറ് ഷാനവാസ് നന്ദിയും പറഞ്ഞു.

Vadasheri Footer