പാലാരിവട്ടം പാലം തുറന്നു കൊടുത്തു , നിമിഷങ്ങൾക്കുളിൽ വാഹന അപകടം
കൊച്ചി: ഉദ് ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകം പാലാരിവട്ടം പാലത്തില്‍ അപകടം. കാറിലേക്ക് ട്രക്ക് വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. വാഹനത്തിനും വലിയ പരിക്ക് പറ്റിയിട്ടില്ല.പുതുക്കി പണിത പാലാരിവട്ടം പാലം ഞായറാഴ്ച വൈകിട്ട് 3.50നാണ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകമാണ് അപകടം. പാലാരിവട്ടം പാലം കൂടി തുറന്ന് നല്‍കിയതോടെ കൊച്ചി നേരിട്ടുകൊണ്ടിരുന്ന വലിയ ഗതാഗത കുരുക്കാണ് അഴിഞ്ഞത്.
പാലം തുറന്ന് കൊടുക്കുന്നതിന് മുന്‍പായി മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നല്‍കിയത്. മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നല്‍കിയത്. 100 വര്‍ഷത്തെ ഈട് ഉറപ്പാക്കിയാണു പാലം ഗതാഗതത്തിനു തുറന്നു നല്‍കുന്നതെന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
തകരാറിലായ പാലത്തില്‍ ചെന്നൈ ഐഐടി റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ 2019 മേയ് ഒന്നു മുതല്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. 2020 സെപ്റ്റംബര്‍ അവസാനമാണു പാലം പുനര്‍നിര്‍മാണം തുടങ്ങിയത്. തകരാറിലായ ഗര്‍ഡറുകളും പിയര്‍ ക്യാപുകളും പൊളിച്ചു പുതിയവ നിര്‍മിച്ചു. തൂണുകള്‍ ബലപ്പെടുത്തി. റെക്കോര്‍ഡ് സമയം കൊണ്ടാണു പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയായത്. അഞ്ചു മാസവും 10 ദിവസവുമെടുത്താണ് ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പാലം പുനര്‍നിര്‍മിച്ചത്.
തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ ഏജന്‍സികളുടെ പരിശോധനകളുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ തീരുമാനിച്ചത്. ദേശീയ പാതയില്‍ കൊല്ലം മുതല്‍ എറണാകുളം വരെ അഞ്ചു പ്രധാന പദ്ധതികളാണു സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്നു സുധാകരന്‍ പറഞ്ഞു. കൊല്ലം, ആലപ്പുഴ ബൈപാസുകള്‍, കുണ്ടന്നൂര്‍, വൈറ്റില മേല്‍പാലങ്ങള്‍ എന്നിവയ്‌ക്കൊപ്പം പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ ഗതാഗതം സുഗമമാകും.