ഡിവൈഎഫ്ഐ വനിതാനേതാവിന് പീഡനം , എംഎൽഎ പി.കെ.ശശിയെ സസ്പെൻഡ് ചെയ്തു

">

തിരുവനന്തപുരം: ലൈംഗികപീഡനപരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്ഐ വനിതാനേതാവാണ് പി.കെ.ശശിയ്ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നൽകിയത്.

ശശി സംസ്ഥാനസമിതിയ്ക്ക് നൽകിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയിൽ തീരുമാനമായത്. ശശിയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നത്. നടപടി തരംതാഴ്ത്തലിൽ ഒതുങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിയ്ക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രതിരോധത്തിലാകും എന്ന മുൻകരുതലിലാണ് കടുത്ത നടപടി സ്വീകരിച്ചത്.

ശശിയ്ക്കെതിരായ പരാതിയെച്ചൊല്ലി കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന് എ.കെ.ബാലനും അതല്ലെന്ന് പി.കെ.ശ്രീമതിയും നിലപാടെടുത്തു. എന്നാല്‍ ഭിന്നാഭിപ്രായം റിപ്പോർട്ടിലില്ലെന്നും, റിപ്പോർട്ട് തയ്യാറാക്കിയത് ഏകകണ്ഠമായാണെന്നുമാണ് വിവരം. നേരത്തേ കേസിൽ സിപിഎം മെല്ലെപ്പോക്ക് നയം സ്വീകരിയ്ക്കുകയാണെന്ന് വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നതാണ്. പരാതി നിലനിൽക്കെത്തന്നെ, ശശി പാർട്ടി ജാഥ നയിയ്ക്കുകയും മുഖ്യധാരയിലേക്ക് വരികയും ചെയ്തത് ചെറുതല്ലാത്ത പ്രതിഷേധമുണ്ടാക്കി. ശശിയ്ക്കെതിരായ നടപടി വൈകുന്നതിൽ അതൃപ്തിയുമായി വി.എസ്.ഇന്നലെ കേന്ദ്രനേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശശിയ്ക്കെതിരെ നേതൃത്വം കടുത്ത നടപടിയെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors