Madhavam header
Above Pot

കേന്ദ്രത്തിന്റെ പുതിയ എമിഗ്രേഷന്‍ രജിസ്ട്രേഷന്‍, പ്രവാസികൾ ആശങ്കയിൽ

ഗുരുവായൂർ : വിദേശത്തു തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ അവകാശങ്ങള്‍ ഉറപ്പു വരുത്താന്‍ എന്ന പേരില്‍ ഭരണകൂടം കൊണ്ടുവരുന്ന നിബന്ധനകള്‍ പ്രവാസികൾക്ക് വലിയ ഉപദ്രവം ആയി മാറുകയാണെന്നാണ്ആക്ഷേപം . കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ എമിഗ്രേഷന്‍ രജിസ്ട്രേഷന്‍ ആണ് പ്രവാസികൾക്ക് ഒടുവിൽ പാരയായി മാറുന്നത് .

യു എ ഇ യില്‍ അടക്കം 18 രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ നാട്ടില്‍ പോയി തിരിച്ചു വരുന്നതിനു മുമ്പ് ‘എമിഗ്രേറ്റ്’ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം .2019 ജനുവരി ഒന്നിന് ഉത്തരവ് പ്രാബല്യത്തില്‍ ആകും. നാട്ടില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ വിമാനത്താവളത്തില്‍ എത്തുന്നതിനു 24 മണിക്കൂര്‍ മുമ്പ്, www.emigrate.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖ കൈയില്‍ കരുതണം. അത് വിമാനത്താവളത്തില്‍ കാണിക്കണം. എന്നാലേ വിമാനം കയറാന്‍ അനുവദിക്കുകയുള്ളൂ. അപ്പോള്‍ ഒരു ദിവസത്തേക്ക് നാട്ടില്‍ പോകുന്ന ആള്‍ എന്ത് ചെയ്യും? ഇ മൈഗ്രേറ്റ് എന്നും എമിഗ്രേറ്റ് എന്നും വിളിക്കപ്പെടുന്ന പോര്‍ട്ടല്‍ കാര്യക്ഷമത ഇല്ലായ്മക്കു കുപ്രസിദ്ധമാണ്.

Astrologer

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ രജിസ്‌ട്രേഷന് വേണ്ടിയാണ് പോര്‍ട്ടല്‍ തുടങ്ങിയത്. ആരംഭ കാലത്തു, വിസ ലഭിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് ‘എട്ടിന്റെ പണി’ കൊടുത്ത പോര്‍ട്ടലാണിത്. അവയുടെ സാങ്കേതിക പ്രശ്‌നങ്ങളാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതു മൂലം പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഇതേക്കുറിച്ചു വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി ഇടപെട്ടു. പോര്‍ട്ടല്‍ മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. പക്ഷേ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. കുറച്ചധികം ആളുകള്‍ ഒന്നിച്ചു രജിസ്‌ട്രേഷന് ശ്രമിച്ചാല്‍ പോര്‍ട്ടല്‍ പ്രവര്‍ത്തന രഹിതമാകും. വിദേശത്തു വെച്ച് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല എന്നതാണ് മറ്റൊരു നിബന്ധന. നിലവില്‍ തൊഴില്‍ വിസയില്‍ ഉള്ളവരാണെങ്കിലും നാട്ടില്‍ പോയി തിരിച്ചു വരുന്നതിനു 24 മണിക്കൂര്‍ മുമ്പാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്പറാണ് രജിസ്‌ട്രേഷന് ഉപയോഗപ്പെടുത്തേണ്ടത്. ഇത്രയും ഗൗരവമേറിയ അറിയിപ്പ്, വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ചതാകട്ടെ, ട്വിറ്ററിലൂടെ. അത് കൊണ്ട് തന്നെ, ആരും ഗൗരവമായി എടുത്തില്ല. നയതന്ത്ര കാര്യാലയങ്ങളില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴാണ് ഇതൊരു കുരുക്കാണെന്നു മനസിലായത്.

വിദേശത്തു വെച്ച് രജിസ്ട്രേഷന്‍ പാടില്ലെന്ന നിലപാടെങ്കിലും മാറ്റണമെന്ന് ഏവരും ആവശ്യപ്പെടുന്നു. അവധിക്കു നാട്ടില്‍പോയി ചെയ്താല്‍ മതി എന്നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിലെ വിദേശ തൊഴില്‍ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി രാജേഷ് ശര്‍മ ഒഴുക്കന്‍ മട്ടില്‍ പ്രതികരിച്ചത്. വിദേശത്തു തൊഴില്‍ സാധ്യത കുറഞ്ഞു വരുമ്പോള്‍, സാമ്പത്തിക മാന്ദ്യം അലയടിക്കുമ്പോള്‍ ഇത്തരം തുഗ്ലക്കിയന്‍ പരിഷ്‌കാരങ്ങള്‍ ഒഴിവാക്കിക്കൂടെ? ഇന്ത്യന്‍ വീട്ടു വേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ കരുതല്‍ പണമടക്കം ഒട്ടേറെ നിബന്ധനകള്‍ കൊണ്ടു വന്നപ്പോള്‍ പതിനായിരങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

ഗള്‍ഫില്‍ ഒരു കാലത്ത് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആവശ്യക്കാര്‍ ഏറെ ആയിരുന്നു. ഇന്ന് ഇന്ത്യക്കാര്‍ ഒരിടത്തും അനിവാര്യര്‍ അല്ല. ഈ ഒഴിവുകളില്‍ ഫിലിപ്പൈന്‍, ഇന്തോനേഷ്യ, ശ്രീലങ്ക, ചൈന ആളുകള്‍ കുടിയേറി. വ്യാപാര കേന്ദ്രങ്ങളിലും ഓഫീസുകളിലും ഇന്ത്യന്‍ ജീവനക്കാര്‍ കുറഞ്ഞു വരുന്നു. ഇ മൈഗ്രേറ്റ് രജിസ്ട്രേഷന്‍ മറ്റൊരു പുലിവാല്‍ ആകുമെന്ന് തീര്‍ച്ച. ജീവിതോപാധി തേടി കടല്‍ കടക്കുന്നവരില്‍ മുന്നിലുള്ള മലയാളികള്‍ക്കാണ് ഏറ്റവും തിരിച്ചടിയാകുന്നത്. ഇന്ത്യന്‍ മൊബൈല്‍ നമ്പറിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പലരും വിദേശ മൊബൈല്‍ ഫോണ്‍ നമ്പറാണ് നാട്ടിലും ഉപയോഗിക്കുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ ഇന്ത്യന്‍ നമ്പര്‍ സജീവമാക്കുന്നവര്‍ പോലും, തിരിച്ചു വരുമ്പോള്‍ കൈയില്‍ കരുതാറില്ല. ആകെക്കൂടി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ഇ മൈഗ്രേറ്റ് രജിസ്ട്രേഷന്‍. ഇത്തരമൊരു നിയമം കൊണ്ട് വരുന്നതില്‍ പല ദുഷ്ടലാക്കു ഉണ്ടെന്നു കരുതുന്നവരും ഏറെ.

നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ മുന്നോടിയാണ് രജിസ്ട്രേഷന്‍ എന്നാണ് ഒരു വിഭാഗം പ്രവാസികൾ വിശ്വസിക്കുന്നത് . യു എ ഇ ക്കു പുറമെ അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈത്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്വര്‍, സഊദി അറേബ്യ,സുഡാന്‍, സിറിയ, തായ്ലന്‍ഡ്, യമന്‍ എന്നീ രാജ്യങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ ഇന്ത്യക്കാര്‍ നാട്ടിലെത്തിയാല്‍ ഇ മൈഗ്രേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍ തട്ടിപ്പിനു തടയിടാന്‍ വേണ്ടിയാണ് രജിസ്ട്രേഷന്‍ എന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ ന്യായീകരിക്കുന്നു. എന്നാല്‍, കുറേ കാലമായി ഗള്‍ഫില്‍ തൊഴിലെടുക്കുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കിക്കൂടെ എന്നാണ് പ്രവാസികളുടെ ചോദ്യം .കേന്ദ്രത്തിന്റെ പുതിയ നിർദേശത്തിനെതിരെ പ്രതികരിക്കാൻ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ കക്ഷികൾക്ക് സമയവുമില്ല എല്ലാവരും ശബരിമലയുടെ പിറകെ ആയതു കൊണ്ട് മറ്റെല്ലാ വിഷയങ്ങളും മാറ്റി വച്ചിരിക്കുകയാണല്ലോ

Vadasheri Footer