ഒറ്റമുറിയിൽ 10 വർഷം, റഹ്മാന്‍റെയും സജിതയുടെയും അവകാശവാദം തള്ളി റഹ്മാന്‍റെ മാതാപിതാക്കൾ
.
പാലക്കാട്: ഒറ്റമുറിയിൽ ആരും അറിയാതെ 10 വർഷം കഴിഞ്ഞെന്ന നെന്മാറ അയിലൂരിലെ റഹ്മാന്‍റെയും സജിതയുടെയും അവകാശവാദം തള്ളി റഹ്മാന്‍റെ മാതാപിതാക്കൾ . മകൻ പത്ത് വർഷം യുവതിയെ വീട്ടിൽ ഒളിപ്പിച്ചെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും തങ്ങളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും റഹ്‌മാന്റെ പിതാവ് മുഹമ്മദ് പറഞ്ഞു ‘അവൻ എന്തൊക്കെയോ പറയുകയാണ്. ഒരു പെൺകുട്ടിയെ പത്ത് വർഷമൊക്കെ ചെറിയ മുറിയിൽ എങ്ങനെ ഒളിപ്പിക്കാനാണ്. ഒന്ന് ചെറുതായി തുമ്മിയാൽ പോലും ഞങ്ങൾ കേൾക്കില്ലേ, അവൻ പറയുന്നത് എന്തൊക്കെയോ കഥകളാണ്.
പെൺകുട്ടിയെ മറ്റെവിടെയെങ്കിലും താമസിപ്പിച്ചെന്നാണ് ഞങ്ങളുടെ സംശയം എന്ന് മുഹമ്മദ് കനി പറഞ്ഞു. ‘പെൺകുട്ടിയെ ഇവിടെ താമസിപ്പിച്ചെന്ന് ഞങ്ങൾക്ക് എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കിൽ ഞങ്ങൾ തന്നെ നാട്ടുകാരെയും ബന്ധപ്പെട്ടവരെയും അറിയിക്കുമായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമായിരുന്നു. റഹ്‌മാൻ ഇപ്പോൾ പറയുന്നതൊന്നും ഞങ്ങൾക്ക് അറിയില്ല. അന്ന് പെൺകുട്ടിയെ കാണാതായ സമയത്ത് പോലീസ് റഹ്‌മാനോടും വിവരങ്ങൾ തിരക്കിയിരുന്നു. എനിക്കൊന്നുമറിയില്ല, ഞാനൊന്നും കണ്ടിട്ടില്ല എന്നൊക്കെയാണ് അവൻ പോലീസിനോട് പറഞ്ഞത്.
പെൺകുട്ടിയുടെ അമ്മയും അവനോട് ചോദിച്ചപ്പോൾ ഒന്നുമറിയില്ലെന്നും അവളുമായി ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്. അവനും അവളും ഇഷ്ടത്തിലാണെന്ന് ആർക്കും സംശയവും ഇല്ലായിരുന്നു. അവന് എന്നും അസുഖമാണെന്നാണ് പറയാറുള്ളത്. കാലുവേദന, കൈവേദന എന്നൊക്കെ പറയും. പണിക്കൊന്നും പോകാറില്ല. ഒരിക്കൽ വർക്ക്ഷോപ്പിൽ പോയ സമയത്ത് കാലിൽ ജാക്കി വീണെന്ന് പറഞ്ഞു. ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞു. പക്ഷേ, എന്നിട്ടും കാലുവേദനയെന്ന് പറയും എപ്പോഴും. പല ഡോക്ടമാരെ കാണിച്ചിട്ടും അവരെല്ലാം ഒരുകുഴപ്പവുമില്ലെന്നാണ് പറഞ്ഞത്. പിന്നീട് വേറെ ആശുപത്രിയിൽ പോകാൻ വിളിച്ചപ്പോൾ സമ്മതിച്ചില്ല. സുഹൃത്തിനോടൊപ്പം ആശുപത്രിയിൽ പോകാൻ പറഞ്ഞപ്പോൾ അവൻ ഓടിപ്പോയി.
മാനസികപ്രശ്നങ്ങളാണെന്നാണ് ഞങ്ങൾ കരുതിയത്. അതിനും കുറേ ചികിത്സിക്കാൻ ശ്രമിച്ചു.പിന്നെ വണ്ടി വേണമെന്ന് പറഞ്ഞു. വണ്ടി കിട്ടിയാൽ പണിക്ക് പോകുമെന്ന് കരുതി വണ്ടി വാങ്ങിച്ചുനൽകി. അങ്ങനെ കുറച്ചുനാൾ പണിക്ക് പോയി. പക്ഷേ, വീണ്ടും പഴയ പോലെയായി.”റഹ്‌മാൻ രണ്ട് ദിവസം വീട്ടിൽനിന്ന് മാറി തമിഴ്നാട്ടിൽ പോയിരുന്നു. അന്ന് ഈ കുട്ടി എങ്ങനെയാണ് ഭക്ഷണം കഴിച്ചത്. ബ്രഡ് പൊടിച്ച് വെച്ചിരുന്നു എന്നാണ് അവൻ പറയുന്നത്. അവൻ ഇതുപോലെ എന്തൊക്കെയോ പറയുന്നു. ഞങ്ങൾക്ക് ഒന്നും അറിയില്ല. ദിവസങ്ങൾക്ക് മുമ്പ് ഇവനെ കണ്ടതിന് ശേഷമാണ് ഞങ്ങൾ ആ മുറിയുടെ വാതിൽ തുറക്കുന്നത്. അതുവരെ മുറി തുറന്നുനോക്കിയിരുന്നില്ല. ഞങ്ങൾക്ക് ബന്ധുക്കൾ ഒരുപാടുണ്ട്. അവിടെ എവിടെയെങ്കിലും താമസിപ്പിച്ചോ, അതോ മറ്റെവിടെയെങ്കിലും പെൺകുട്ടിയെ താമസിപ്പിച്ചോ എന്നതാണ് സംശയം .
അതേസമയം, യുവതിയെ 10 വർഷം മുറിയിൽ അടച്ചിട്ടത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിത കമീഷൻ രംഗത്തെത്തി. മകന് മാനസിക വിഭ്രാന്തിയുണ്ടെന്ന് മാതാപിതാക്കൾ തന്നെ പറയുന്ന റഹ്മാൻ പറഞ്ഞ കഥക ൾ അതെ പടി വിഴുങ്ങിയ പോലീസ് അത് മാധ്യമങ്ങൾക്ക് മുന്നിലും വിളമ്പി കൊടുത്തു . മാധ്യമങ്ങൾ അത് ആഘോഷമായി രണ്ടു ദിവസം കൊണ്ടാടി അതിന് ശേഷമാണ് ഈ കഥകൾ എല്ലാം കളവാണ് എന്ന് പറഞ്ഞു മാതാപിതാക്കൾ രംഗത്ത് എത്തിയത്