കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല : ഉമ്മൻ‌ചാണ്ടി .

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെ മാത്രമാണു പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചു പ്രതിപക്ഷം സൈന്യത്തോടു തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. ബാലാക്കോട്ട് സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ തിട്ടപ്പെടുത്തിയില്ലെന്നാണു സൈനിക മേധാവികള്‍ പരസ്യമായി പറഞ്ഞത്. എന്നാല്‍ 300 ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നു വാര്‍ത്തകള്‍ വന്നു.

മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ അനൗദ്യോഗികമായി നല്‍കിയ വാര്‍ത്തയായിരുന്നു അതെന്നു വ്യക്തം. ആരും അതിനെ ചോദ്യം ചെയ്തു പോലുമില്ല. എന്നാല്‍ രാജ്യാന്തര മാധ്യമങ്ങള്‍‍ അവിടെ പോയി നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ നല്‍കിയ അനൗദ്യോഗിക അവകാശവാദങ്ങള്‍ ശരിവയ്ക്കുന്നില്ല. ആക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശം ആയിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയും വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരെ കൊല്ലുകയായിരുന്നില്ല മറിച്ച് പാക്കിസ്ഥാനെ ഭയപ്പെടുത്തുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

എന്നാല്‍, അവിടെയുള്ള ഭീകരരെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നാണു രാജ്യം വിശ്വസിച്ചിരുന്നത്. കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുക സര്‍ക്കാരാണെന്നാണു വ്യോമസേനാ മേധാവി പറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിശ്വസനീയമായ കണക്കുകളും വസ്തുതകളുമായി രംഗത്തുവരണം. രാജ്യത്തിന്റെ വിശ്വസനീയത സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കാനും ഇത് അനിവാര്യമാണെ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പാക്കിസ്ഥാനെതിരായ സൈനിക നടപടികൊണ്ടു രാഷ്ട്രീയനേട്ടം ഉണ്ടാകുമെന്നു പറഞ്ഞത് ബിജെപി നേതാവാണ്. തുടര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞും അവര്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അതു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനുമേല്‍ പ്രധാനമന്ത്രി കുതിരകയറുകയാണ്. കോണ്‍ഗ്രസും രാജ്യം മുഴുവനും സൈന്യത്തോടൊപ്പം നില്‍ക്കുകയാണെന്നും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ധീരസാഹസികതയെ രാജ്യവും കോണ്‍ഗ്രസും അഭിമാനത്തോടെ കാണുന്നുവെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. അടല്‍ ബിഹാരി വാജ്‌പേയ് ദുര്‍ഗയെന്ന് അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.