കഥകളി സംഗീതത്തിൽ നാലാം തവണയും നിരഞ്ജന ഒന്നാമത്
ഗുരുവായൂര്‍ : തുടർച്ചയായി നാലാം തവണയും റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി പി. ആർ. നിരഞ്ജന. തൃശൂർ വിവേകോദയം ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് നിരഞ്ജന. കഴിഞ്ഞ നാല് വർഷമായി കഥകളി സംഗീതത്തിൽ ഉപജില്ലാ തലത്തിലും ജില്ലാ കലോത്സവത്തിലും ഒന്നാമതായി മുന്നേറുന്ന നിരഞ്ജനയ്ക്ക് പറയാൻ ഒരു കലാ കുടുംബത്തിന്റെ കഥയുണ്ട്.
ഇസാഫ് ഉദ്യോഗസ്ഥനായ അച്ഛൻ രവിയുടെ സംഗീതവും എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി. സ്‌കൂളിലെ അധ്യാപികയായ അമ്മ നിഷയുടെ തിരുവാതിരയും കണ്ട് വളർന്ന നിരഞ്ജനയ്ക്ക് സംഗീതം ജീവിതത്തിന്റെ ഭാഗമായിരുന്നു. കഥകളിയിലുള്ള വീട്ടുകാരുടെ കമ്പമാണ് കുട്ടിക്കാലം മുതലേ നിരഞ്ജനയ്ക്കും വഴികാട്ടിയായത്. കഥകളി സംഗീതം പഠിക്കണമെന്ന മോഹം വളരാൻ അതൊരു കാരണമായി. കഴിഞ്ഞ ഒമ്പത് വർഷമായി നിരഞ്ജന ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. ഗുരുവായ കോട്ടയ്ക്കൽ സന്തോഷിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി കഥകളി സംഗീതവും അഭ്യസിച്ചു വരുന്നു.
കഥകളി സംഗീതം അരങ്ങത്ത് പാടുക എന്നതാണ് നിരഞ്ജനയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായുള്ള ശ്രമത്തിന് പിൻതാങ്ങായി അച്ഛനും അമ്മയും കൂടെയുണ്ട്. കലോത്സവങ്ങളിൽ കഥകളി സംഗീതത്തിന് പുറമെ അഷ്ടപദി, സംസ്‌കൃത പദ്യം, തിരുവാതിര, സംഘഗാനം, ഉറുദു പദ്യം എന്നീ മത്സരങ്ങളിലൊക്കെ നിരഞ്ജന സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. നിരഞ്ജന ആലപിച്ച ‘അമ്പലഗോപുരനടയിൽ ഞാനൊരു ആനക്കൊമ്പനെ കണ്ടേ….’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
പ്ലസ് വൺ സയൻസ് പഠിക്കുന്ന നിരഞ്ജനയ്ക്ക് തുടർന്ന് കെമിസ്ട്രി ബിരുദമെടുക്കാനാണ് താല്പര്യം. പഠനത്തിനോടൊപ്പം കഥകളി സംഗീതവും ജീവിതത്തിൽ കൊണ്ടുപോകുമെന്ന ദൃഢ നിശ്ചയത്തിലാണ് നിരഞ്ജന. ആറാം ക്ലാസ് വിദ്യാർഥിയായ അനിയൻ ധനഞ്ജയ് കൃഷ്ണനും ചേച്ചിയുടെ പാതയിലാണ്. ഹിന്ദി പദ്യം ചൊല്ലലിന് ഉപജില്ലയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി ജില്ലാ കലോത്സവത്തിന് ഒരുങ്ങുകയാണ് ധനഞ്ജയ്. കൈപ്പറമ്പിൽ പെരുമ്പടപ്പ് മനയിലാണ് ഈ സംഗീത കുടുംബം താമസിക്കുന്നത്.