മഹാഭാരതത്തിൽ കൃഷ്ണനായി അഭിനയിച്ച നിധീഷ് ഭരദ്വാജ് അനുഗ്രഹത്തിനായി കൃഷ്ണനു മുന്നിലെത്തി
ഗുരുവായൂര്‍: മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി വേഷമിട്ട് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠനേടി നിധീഷ് ഭരദ്വാജ് യഥാർത്ഥ ശ്രീകൃഷന്റെ അനുഗ്രഹവർഷ ത്തിനായി ഗുരുവായൂരിലെത്തി . 28വര്‍ഷങ്ങള്‍ക്ക്മുമ്പ് ഗുരുവായൂരിലെത്തിയിട്ടുള്ള ഇദ്ദേഹം, രണ്ടാംതവണയാണ് ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തുന്നത്. വിഖ്യാതനായ നടനും, സംവിധായകനുമായ നിധീഷ് ഭരദ്വാജ് മധ്യപ്രദേശിൽ നിന്നുള്ള മുൻ ലോകസഭംഗം കൂടിയാണ് .
സുഹൃത്ത് രാജഗോപാലും, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ: നിവേദിതയും ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. രാവിലെ പന്തീരടിപൂജ കഴിഞ്ഞ് നടതുറന്ന സമയത്ത് ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ സ്വീകരിച്ചു. ശ്രീകൃഷ്ണനായും, മഹാവിഷ്ണുവായും, ഗന്ധര്‍വ്വനായും വേഷമിട്ട് ആരാധകമനസ്സുകളില്‍ ചേക്കേറിയ നിധീഷ് ഭരദ്വാജ്, നിറകണ്ണുകളോടേയാണ് കണ്ണനുമുന്നില്‍ ഏറേനേരം കൈകൂപ്പിനിന്ന് പ്രാര്‍ത്ഥിച്ചത്.
ദര്‍ശനത്തിന്‌ശേഷം സോപാനപടിയില്‍ കാണിയ്ക്കയര്‍പ്പിച്ച് മേല്‍ശാന്തിയ്ക്ക് ദക്ഷിണനല്‍കി പ്രസാദവും സ്വീകരിച്ചു. പിന്നീട് ഗണപതി, ഇടത്തരികത്തുകാവില്‍ ഭഗവതി, അയ്യപ്പന്‍ തുടങ്ങി ഉപദേവതകളേയും ദര്‍ശനം നടത്തിയാണ് മടങ്ങിയത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന്‌ശേഷം രണ്ടാം അതിരുദ്രമഹായജ്ഞം നടക്കുന്ന പെരുന്തട്ട ശിവക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. പെരുന്തട്ട ശിവക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ പെരുന്തട്ട അതിരുദ്ര യജ്ഞസമിതി ചെയര്‍മാന്‍ കിഴിയേടം രാമന്‍നമ്പൂതിരി, പ്രസിഡണ്ട് കെ. അരവിന്ദാക്ഷമേനോന്‍, കോര്‍ഡിനേറ്റര്‍ ആര്‍. പരമേശ്വര്‍ജി തുടങ്ങിയവര്‍ സ്വീകരിച്ചു.