Header

യു പി യിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. ഉത്തര്‍പ്രദേശിലും ഉത്താരാഖണ്ഡിലുമായാണ് ആളുകള്‍ മരിച്ചത്. സഹ്‌റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18, കുശിനനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരാഖണ്ഡില്‍ 26 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മദ്യദുരന്തം ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചത് സഹ്‌റാന്‍പൂരിലാണ് ഇവിടെ 22 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായ് 36 പേര്‍ മരിച്ചെന്നാണ് ജില്ലാ കലക്ടര്‍ പറഞ്ഞിരിക്കുന്നത്.

വ്യാജമദ്യം കഴിച്ച് ആശുപത്രിയിലായ പലരും ഗുരതരാവസ്ഥയിലായതിനാല്‍ ഇനിയും മരണസംഖ്യ ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്. മദ്യത്തിന് വീര്യം കൂട്ടാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഒരേ കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച മദ്യമാണ് രണ്ട് സംസ്ഥാനങ്ങളിലുമായി വിതരണം ചെയ്തത്.

Astrologer

കുശിനഗറിലും സഹാരന്‍പുരിലുമുള്ള ഗ്രാമങ്ങളിലുള്ളവര്‍ അമാവാസി ദിനത്തില്‍ രാത്രി നടന്ന ആഘോഷ പരിപാടികളിലാണ് വ്യാജമദ്യം കഴിച്ചത്. വ്യാജമദ്യം കഴിച്ചവര്‍ക്ക് നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത്.

വ്യാജമദ്യം ഉത്തരാഖണ്ഡില്‍ നിന്നാണ് യുപിയിലെ സഹാറന്‍പുരില്‍ എത്തിയതെന്നാണ് യുപി പോലീസ് ഭാഷ്യം. ഉത്തരഖണ്ഡിലെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സഹരന്‍പുരില്‍ നിന്ന് ചിലര്‍ പോയിരുന്നു. അവരാണ് മദ്യകുപ്പികള്‍ സഹരന്‍പുരില്‍ എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. കുശിനഗറില്‍ വിതരണം ചെയ്ത മദ്യം ബിഹാറില്‍ നിന്നാണെന്നും യുപി പോലീസ് പറയുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധിത സംസ്ഥാനമാണ് ബിഹാര്‍ എന്നതാണ് അതിലെ വിരോധാഭാസം.

സഹാരന്‍പുരില്‍ 30 മദ്യ പക്കറ്റുകള്‍ വിതരണം ചെയ്തതില്‍ രണ്ടെണ്ണമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ബാക്കിയുള്ളവ ആരൊക്കെയാണ് കുടിച്ചതെന്നും അവരുടെ നിലവിലെ സ്ഥിതി എന്താണെന്നും സര്‍ക്കാരിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കുശിനഗറില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹൃദയ് നാരായണ്‍ പാണ്ഡെ ഉള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. റൂര്‍ക്കിയിലെ 14 എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ ഉത്തരാഖണ്ഡ് സര്‍ക്കാരും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ദുരന്തത്തിന് ഇരയായവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആസ്പത്രിയിലുള്ളവര്‍ക്ക് 50,000 രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജമദ്യം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ പോലീസിനുകൂടി ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ടാകുമെന്നും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വരുന്ന 15 ദിവസത്തേക്ക് എക്‌സൈസ്-പോലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ വ്യാജമദ്യ ലോബി യു.പി.യില്‍ സജീവമായിട്ടുണ്ട്.