നെടുങ്കണ്ടം ഉരുട്ടിക്കൊല , എസ് ഐ യും , പോലീസുകാരനും അറസ്റ്റിൽ

തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്ഐ സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 12 ദിവസമായും അറസ്റ്റ് നീണ്ടു പോവുകയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. അതിനിടെയാണ് അറസ്റ്റ്.

മദ്യപിച്ചതും രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് അറസ്റ്റ്. ഇന്നലെ രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമ്പോഴാണ് എസ്ഐ കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ മൂന്നാംമുറയ്ക്ക് ഇരയാക്കിയെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളില്‍ നാലെണ്ണമെങ്കിലും കസ്റ്റഡിയില്‍ പോലീസ് മര്‍ദനം മൂലമുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്.

new consultancy

അതേസമയം കസ്റ്റഡിമരണത്തില്‍ പങ്കുള്ള മറ്റു പൊലീസുകാരേയും ഉന്നത ഉദ്യോഗസ്ഥരേയും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന നിലപാടിലാണ് രാജ്കുമാറിന്‍റെ കുടുംബം. നിലവില്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

buy and sell new