കരിപ്പൂരില്‍ സ്വര്‍ണ കടത്ത് തടയാന്‍ ശ്രമിച്ച ഡിആർഐ ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു.
കൊണ്ടോട്ടി : കരിപ്പൂർ എയർപോർട്ടിൽ സ്വർണ്ണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു. രണ്ട് പേർക്ക് ഗുരതരമായ പരിക്കേറ്റു. സംഘത്തിലെ ഒരാൾ പിടിയിലായി.
വിമാനത്താവളത്തിൽ പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഘമാണ് അക്രമണം നടത്തിയത്. ബൈക്കിലെത്തിയ ഡിആർഐ സംഘം ഇന്നോവ കാറിന് കൈ കാട്ടിയപ്പോൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓഫീസർ ആൽബർട്ട് ജോർജ്ജ്, ഡ്രൈവർ നജീബ് എന്നിവർക്ക് പരിക്കേറ്റു. നജീബിന്‍റെ പരിക്ക് സാരമുള്ളതാണ്. കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്. ഉദ്യോഗസ്ഥരെ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാർ വഴിയോരത്തെ മരത്തിലിടിച്ചു നിന്നു. കാറിലുണ്ടായിരുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനി കൊടുവള്ളി സ്വദേശി നിസാർ പിടിയിലായി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.
മിശ്രിതരൂപത്തിലാണ് സ്വർണ്ണം കടത്തിയത്. ഇത് കസ്റ്റംസ് പരിശോധന മറികടന്ന് കടത്തിയതാണെന്നാണ് സൂചന. വിമാനത്തിന്‍റെ ടോയ് ലെറ്റിൽ ഒളിപ്പിച്ച സ്വർണ്ണം ജീവനക്കാർ വഴി പുറത്തെത്തിച്ചതാകാമെന്നാണ് വിലയിരുത്തൽ. രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡിആർഐ കാർ പരിശോധിക്കാൻ ശ്രമിച്ചത്. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷീബയുടെ പേരിലുള്ളതാണ് സ്വർണ്ണം കടത്തിയ KL 16 R 5005 നമ്പറിലുള്ള വാഹനം.