Madhavam header
Above Pot

തൃശൂരിലെ മുൻ എം.പിയുടെ 29 പദ്ധതികൾ പൂർത്തീകരിക്കാൻ ബാക്കി

തൃശൂര്‍: തൃശൂ ലോക്‌സഭാ മണ്ഡല പരിധിയില്‍ എം പി വികസന ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പി. കലക്ടറേറ്റിലെ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന എം പിയുടെ ആസ്തി വികസന ഫണ്ട് ചെലവഴിക്കല്‍ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍ എം പിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 29 പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനുള്ളത്.
ഇതില്‍ പീച്ചി ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണത്തിന് അനുവദിച്ച 20 ലക്ഷം രൂപ കൂടാതെ 10 ലക്ഷം കൂടി പണി പൂര്‍ത്തീകരിക്കാന്‍ അനുവദിക്കും. കൂടാതെ തളിക്കുളം സ്‌നേഹതീരത്ത് 26 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പ്രിയദര്‍ശിനി സ്മാരക സമിതി ഓപ്പണ്‍ റീഡിങ് ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും 10 ലക്ഷം അനുവദിക്കുമെന്നും എം പി വ്യക്തമാക്കി. 14 ലക്ഷം രൂപ എം പി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച അളഗപ്പനഗര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ 5-ാം നമ്പര്‍ അങ്കണവാടി ഒക്ടോബര്‍ 2ന് ഉദ്ഘാടനം ചെയ്യും.

Astrologer

മണ്ഡലത്തിലെ വിവിധ ആദിവാസി, ഗോത്രമേഖലകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ പ്രശ്‌ന പരിഹാരത്തിന് ഫണ്ടനുവദിച്ച സാഹചര്യത്തില്‍ നെറ്റ് വര്‍ക്ക് സംവിധാനം ത്വരിതഗതിയിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് എം പി നിര്‍ദേശം നല്‍കി.

തൃശൂര്‍ കോര്‍പറേഷനിലേതുള്‍പ്പെടെ വിവിധയിടങ്ങളിലെ പൊതുകുളങ്ങള്‍ സംരക്ഷിക്കുന്ന നടപടികള്‍ക്ക് വേഗം കൂട്ടും. പുഴയ്ക്കല്‍ ലുലു ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന നടപടിയും വേഗത്തിലാക്കും. തൃശൂര്‍ സെന്റ് തോമസ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലേക്ക് ബസ് അനുവദിക്കുന്നതിന് 30 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

ഗവ.മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുവദിച്ച തുക വേഗത്തില്‍ തന്നെ ചെലവഴിച്ച് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും എം പി അറിയിച്ചു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീകല തുടങ്ങിയവരും പങ്കെടുത്തു.

Vadasheri Footer