Majlis ayurvedic

കോവിഡ്​, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത്​ നിന്നുണ്ടായത്​ ‘പൊറുക്കാനാകാത്ത’ നടപടി: ദി ലാൻസെറ്റ്.

Majlis ayurvedic

“ന്യൂഡല്‍ഹി : കോവിഡ്​ രണ്ടാം തരംഗം ഇന്ത്യയെ മുൾമുനയിൽ നിർത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത്​ നിന്നുണ്ടായത്​ ‘പൊറുക്കാനാകാത്ത’ നടപടികളാണെന്ന്​ അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ‘ദി ലാന്‍സെറ്റ്’. കോവിഡിനെ ഇല്ലാതാക്കുന്നതിനേക്കാൾ മോദി പ്രാധാന്യം നൽകിയത്​ ട്വിറ്ററിൽ ഉയരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനാണെന്ന്​ ലാൻസെറ്റ്​ ചൂണ്ടിക്കാട്ടി.

Vadasheri

Astrologer

പുതിയ ലക്കത്തിന്‍റെ മുഖപ്രസംഗത്തിലാണ്​ ലാൻസെറ്റ്​ മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്​. വിമർശനങ്ങളും തുറന്ന സംവാദങ്ങളും അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി മോദി നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും ‘പൊറുക്കാൻ’ കഴിയാത്തതാണെന്നാണ്​ മുഖപ്രസംഗത്തിലുള്ളത്​.ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനെ ഉദ്ധരിച്ചുകൊണ്ടുള്ള എഡിറ്റോറിയലിൽ ആഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നും പറയുന്നു.

‘അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വയം വരുത്തിവെച്ച മഹാദുരന്തത്തിന് മോദി സര്‍ക്കാറിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തം’- ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു.കോവിഡിന്‍റെ തീവ്രവ്യാപനം (സൂപ്പര്‍ സ്പ്രെഡ്) ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച്​ മോദി സർക്കാർ കുംഭമേള പോലുള്ള മതപരമായ ആഘോഷങ്ങൾക്ക്​ അനുമതി നൽകിയെന്നും രാജ്യത്തൊട്ടാകെയുള്ള ലക്ഷണക്കണക്കിന് ജനങ്ങളെ ക്ഷണിച്ചു കൊണ്ട് രാഷ്​ട്രീയ റാലികള്‍ നടത്തിയെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ മഹാദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതയും ആരോഗ്യസംവിധാനത്തിന്‍റെ പരാജയവും ലാന്‍സെറ്റ് എടുത്തു കാട്ടുന്നുണ്ട്​.

അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്.’ഇന്ത്യയിൽ നിന്നുള്ള യാതനയുടെ രംഗങ്ങൾ വേദനാജനകമായിരുന്നു. നിറഞ്ഞുകവിഞ്ഞ ആശുപത്രികൾ. ചികിത്സയൊരുക്കാൻ സംവിധാനങ്ങളില്ലാതെ ശ്വാസംമുട്ടുന്ന ആരോഗ്യപ്രവർത്തകർ. അവരിൽ ഏറെയും രോഗബാധിതരാകുകയും ചെയ്​തു. ഓക്​സിജൻ, ആശുപത്രി കിടക്കകൾ, മറ്റ്​ ചികിത്സ സംവിധാനങ്ങൾ എന്നിവ ഇല്ലെന്നുള്ള രോദനങ്ങളും അവ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളുമായിരുന്നു സമൂഹ മാധ്യമങ്ങൾ നിറയെ.

മാർച്ച്​ ആദ്യം മുതൽ കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ ഉണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ​ അപകടം കഴിഞ്ഞു എന്ന തരത്തിലാണ് പെരുമാറിയത്. സര്‍ക്കാറിന്‍റെ കോവിഡ് ടാസ്‌ക് ഫോഴ്സ് മാസങ്ങളോളം കൂടിയില്ല. ഇന്ത്യ ആർജിത പ്രതിരോധ ശേഷി നേടിയെന്ന തരത്തിലുള്ള അബദ്ധധാരണയുടെ പുറത്തായിരുന്നു ഇത്​. ഈ അവഗണനകൾ പ്രതിരോധ തയ്യാറെടുപ്പുകൾക്ക്​ രൂപം നൽകുന്നതിൽ അലംഭാവമുണ്ടാക്കി. അതേസമയം, ജനുവരിയില്‍ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐ.സി.എം.ആര്‍) നടത്തിയ സിറോസർവേയിൽ ജനസംഖ്യയുടെ 21 ശതമാനം പേര്‍ മാത്രമേ ആർജിത പ്രതിരോധ ശേഷി നേടിയിരുന്നുള്ളൂ എന്ന്​ ക​​ണ്ടെത്തിയിരുന്നു’ -മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വാക്​സിനേഷൻ നയത്തെയും ലാൻസെറ്റ്​ വിമർശനവിധേയമാക്കി. ‘​കോവിഡ്​ ഭീഷണി മറികടന്നെന്ന ധാരണ ഇന്ത്യയുടെ വാക്​സിനേഷൻ പരിപാടികൾ തുടങ്ങാൻ വൈകിച്ചു. ഇന്ത്യയുടെ വാക്സിനേഷന്‍ നയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് സംസ്ഥാന തലത്തിലെ വാക്സിനേഷന്‍ പദ്ധതികളെ പ്രതിസന്ധിയിലാക്കി. ഇത്​ വലിയ ആശയക്കുഴപ്പമുണ്ടാക്കുകയും ആവശ്യത്തിന്​ വാക്​സിനുകൾ ലഭ്യമാക്കാഞ്ഞത്​ അനാവശ്യമായ മത്സരം വിപണിയിലുണ്ടാക്കുകയും ചെയ്​തു. വാക്സിനേഷന്‍ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കണം. കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം’ -എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

ഓക്​സിജൻ ലഭ്യതയുടെ കാര്യത്തിൽ കേരളവും ഒഡീഷയു​മൊക്കെ പോലുള്ള സംസ്ഥാനങ്ങള്‍ കാട്ടിയ കാര്യക്ഷമതയെ ലാൻസെറ്റ്​ അഭിനന്ദിക്കുകയും ചെയ്​തു. ഈ സംസ്​ഥാനങ്ങൾ ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തിലെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയപ്പോള്‍ യുപി, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ വലിയ രീതിയിലുള്ള ഓക്സിജന്‍ ക്ഷാമവും ആശുപത്രി കിടക്കകളുടെ ദൗർലഭ്യവും ശവസംസ്‌കാരത്തിനുള്ള സൗകര്യക്കുറവും അനുഭവിച്ചു. തെറ്റ് സ്വയം ഏറ്റെടുത്ത് സുതാര്യമായും ഉത്തരവാദിത്തബോധത്തോടെയും കേന്ദ്ര നേതൃത്വം പെരുമാറണം.

വാക്​സി​നേഷൻ പരിപാടികൾ വേഗത്തിലും കാര്യക്ഷമതയോടെയും നടപ്പാക്കണമെന്ന നിർദേശവും എഡിറ്റോറിയൽ മുന്നോട്ടുവെക്കുന്നു. വിദേശത്തു നിന്നടക്കമുള്ള വാക്​സിൻ ലഭ്യതയും ഗ്രാമീണ മേഖലയിലുള്ളവരിലേക്ക്​ വാക്​സിൻ എത്തുന്നുണ്ടെന്നും ഉറപ്പാക്കണം. ആകെ ജനസംഖ്യയുടെ 65 ശതമാനവും ഗ്രാമീണ മേഖലയിലാണ്​. ഇവരിലേക്ക്​ വാക്​സിൻ എത്തിക്കാൻ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ആശ വർക്കർമാരുടെയും സഹായം തേടണം. ​കോവിഡ്​ വ്യാപനവും മരണവും സംബന്ധിച്ച യഥാർഥ വിവരങ്ങൾ ജനങ്ങളിലേക്ക്​ എത്തിക്കണമെന്നും ആവശ്യമെങ്കിൽ ലോക്​ഡൗൺ നടപ്പാക്കണമെന്നും എഡിറ്റോറിയൽ നിർദേശിക്കുന്നുണ്ട്​. “

.

.

Astrologer