ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും: വനിതാ കമ്മീഷൻ
തൃശൂർ : ആഴക്കടല്‍ മത്സ്യബന്ധനത്തിന് രാജ്യത്തെതന്നെ ആദ്യത്തെ ലൈസന്‍സ് സ്വന്തമാക്കിയ ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും മറ്റു സാധനങ്ങളും അയല്‍വാസി നശിപ്പിക്കുന്നു എന്ന പരാതിയില്‍ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ ലഭിച്ച 55 പരാതികളില്‍ 17 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു
ഇതില്‍ 8 കേസുകള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയയ്ക്കും. ദാമ്പത്യ പ്രശ്‌നങ്ങളുമായി വന്ന രണ്ട് കേസുകള്‍ കൗണ്‍സിലിങിനായി അയച്ചു. 28 കേസുകള്‍ അടുത്ത അദാലത്തിലേക്കും മാറ്റിവെച്ചു.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കെട്ടിച്ചമച്ച പരാതികളുമായി വന്നവരും അദാലത്തിന്റെ ഭാഗമായെന്ന് എം സി ജോസഫൈന്‍ പറഞ്ഞു. സ്വത്ത് സ്വന്തമാക്കാന്‍ അമ്മയ്‌ക്കെതിരെയും സഹോദരനെതിരെയുമാണ് പരാതികള്‍ ലഭിച്ചത്.
വെള്ളാങ്കല്ലൂര്‍ മറ്റത്തൂര്‍ കുഞ്ഞാലി പാറയില്‍ അനധികൃത ക്വാറികള്‍ക്കെതിരെ സമരം നടത്തുന്ന സമര കമ്മിറ്റിയുടെ പ്രധാനിയായ വനിതയ്‌ക്കെതിരെ 16 കേസുകള്‍ കെട്ടിച്ചമച്ച്, അവരെ പെണ്‍ ഗുണ്ടയായി ചിത്രീകരിച്ച് പൊലീസില്‍ പരാതി നല്‍കിയ ക്വാറി ഉടമക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും. അദാലത്തില്‍ ഡയറക്ടര്‍ യു വി കുര്യാക്കോസ്, മെമ്പര്‍മാരായ ഷിജി ശിവജി, അഡ്വ ടി എസ് താര, കൗണ്‍സിലര്‍ മാല ഇ എം, അഡ്വക്കേറ്റുമാരായ ഇന്ദുമേനോന്‍, ടി എസ് സജിത തുടങ്ങിയവര്‍ പങ്കെടുത്തു.