Above Pot

മന്ത്രി ശിവൻ കുട്ടി രാജിവെക്കണം പ്രതിപക്ഷം , രാജി വെക്കാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : നിയമസഭയിൽ ഗുണ്ടായിസം കാണിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം തള്ളിയ സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും.

Astrologer

നിയമസഭയില്‍ നടക്കുന്ന ആക്രമസംഭവങ്ങളില്‍ എം.എല്‍.എമാര്‍ക്ക് ലഭിക്കുന്ന യാതൊരു പ്രിവിലേജും ഉണ്ടാകില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈക്കാര്യം നേരത്തെ യു.ഡി.എഫ് ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സഭയിലെ ഒരു മന്ത്രിയും ഒരു എം.എല്‍.എയും ഉള്‍പ്പെടെ ആറ് പേര്‍ വിചാരണ നേരിടേണ്ട സ്ഥിതിയാണ്. വിചാരണ നേരിടാന്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സ്ഥാനം രാജിവെയ്ക്കണം. വിചാരണ നേരിടുന്ന ഒരു മന്ത്രിസഭയില്‍ ഉള്ളത് അംഗീകരിക്കാന്‍ കഴിയില്ല.

മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞു. സുപ്രീം കോടതിവിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ നിയമപോരാട്ടത്തിന് നാലുവര്‍ഷം നേതൃത്വം കൊടുത്ത ഒരാളെന്ന നിലയില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. വിചാരണ നേരിടുന്ന മന്ത്രി, ആ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് തീരാകളങ്കം ആയിരിക്കും. അതിനാല്‍, വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി കോടതിവിധി മാനിച്ച് സ്ഥാനത്തുനിന്ന് രാജിവെച്ച് മാറിനിന്ന് വിചാരണ നടപടികള്‍ നേരിടണം. മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതെ സമയം സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് ശിവന്‍കുട്ടി. വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകള്‍ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന്‌ ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല.

മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എം എല്‍ എ സ്ഥാനം രാജി വാക്കണമെന്നോ എന്ന്‌ സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

Vadasheri Footer