മമ്മിയൂർ ക്ഷേത്രകുളം മണ്ണിട്ട് നികത്തുന്നതിനെതിരെ വിവേകാനന്ദാ സാംസ്‌ക്കാരിക കേന്ദ്രം പരാതി നൽകി
ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തീര്‍ത്ഥകുളം മണ്ണിട്ട് തൂര്‍ത്ത് കുളത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കുന്നതിനെതിരെ വിവേകാനന്ദാ സാംസ്‌ക്കാരിക കേന്ദ്രം അധികാരികള്‍ക്ക് പരാതി നല്‍കി. ക്ഷേത്രകുളത്തിന്റെ ഇരുവശങ്ങളും ഏകദേശം 50-സെന്റ് സ്ഥലമാണ് ആസൂത്രിതമായി മണ്ണിട്ട് നികത്തുന്നത്.
കാവും, കുളവും സംരക്ഷിയ്ക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയ്‌ക്കെതിരേയാണ് ദേവസ്വത്തിന്റെ നീക്കമെന്ന് വിവേകാനന്ദാ സാംസ്‌ക്കാരിക കേന്ദ്രം ആരോപിച്ചു. നിലവില്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് നിത്യപൂജയ്ക്ക് ശുദ്ധിവരുത്താന്‍ മറ്റുക്ഷേത്രങ്ങളെ ആശ്രയിയ്‌ക്കേണ്ടി വരുന്ന അവസ്ഥയാണ്. ഈ വികലമായ നയങ്ങള്‍ തിരുത്തി ക്ഷേത്രകുളത്തെ പൂര്‍വ്വ സ്ഥിതിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവേകാനന്ദാ സാംസ്‌ക്കാരിക കേന്ദ്രം ഡയറക്ടര്‍ സുഭാഷ് മണ്ണാരത്ത്, ഭാരവാഹികളായ മനീഷ് കുളങ്ങര, കെ.എം. രാധാകൃഷ്ണന്‍, ബിജു പട്യംപുള്ളി എന്നിവര്‍ തൃശ്ശൂര്‍ ജില്ല കലക്ടര്‍, താഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതിനല്‍കി.