ബിനോയ് കോടിയേരിയെ മുംബൈ പോലീസ് ചോദ്യം ചെയ്യും .

">

മുംബൈ: ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം നേതാക്കൾ.

new consultancy

ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ അന്വേഷിക്കാൻ മുബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. പരാതി നല്‍കിയ യുവതിയിൽ നിന്നും പൊലീസ് ഉടൻ മൊഴി രേഖപ്പെടുത്തും. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. കേസിന് പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ കൈ കഴുകുമ്പോൾ പ്രതിപക്ഷം ഇന്ന് സിപിഎമ്മിനെതിരെ രംഗത്തെത്തി. വിഷയത്തില്‍ ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല. അതിനിടെ യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബെയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം സംഭവം അറിയില്ലെന്നുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടു മാസം മുമ്പ് സിപിഎം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നല്‍കുകയും ഇക്കാര്യം കേന്ദ്രം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ നേതാക്കളാരും തന്നെ വിഷയത്തില്‍ ഇടപടേണ്ടതില്ലെന്നാണു കേന്ദ്രം നിലപാടെടുത്തത്.

അതേസമയം ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാര്‍ട്ടിയിലെ ആരും അതില്‍ ഇടപെടാന്‍ പോകുന്നില്ല. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിയുടെ വിഷയമായി ഇതിനെ മാറ്റാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാന രഹിതമാണ്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ല. ആരാണോ തെറ്റ് ചെയ്തത് അവര്‍ അനുഭവിക്കും. പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്‌നമല്ല ഇത്. പി ബി അംഗങ്ങള്‍ തൊട്ട് സംസ്ഥാന നേതൃത്വം വരെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മെഴ്‌സിക്കുട്ടിയമ്മ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors