Header

മലബാര്‍ ദേവസ്വം ബോര്‍ഡിന് സമഗ്രമായ നിയമനിര്‍മ്മാണം നടത്തും :

ഗുരുവായൂർ : മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്രമായ നിയമനിര്‍മ്മാണം അടുത്ത നിയമസഭാ സമ്മേളനത്തില്‍ നടപ്പിലാക്കുന്നതിന് ശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ.കെ വാസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങള്‍ ക്ഷേത്രവിശ്വാസികള്‍ക്കുള്ളതാണ്, അമ്പലം വിഴുങ്ങികള്‍ക്കുള്ളതല്ലന്നും മന്ത്രി പറഞ്ഞു . പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് 15 മാസം പൂര്‍ത്തിയാക്കുമ്പോള്‍ 30 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചതെന്നും, കാണിക്കപോലും സ്വന്തമാക്കി മാറ്റുന്ന തരത്തിലാണ് പലപ്പോഴും ക്ഷേത്രകമ്മറ്റികളുടെ പ്രവര്‍ത്തനമെന്നും അത്തരക്കാരാണ് ക്ഷേത്രം ബോര്‍ഡുകള്‍ ഏറ്റെടുക്കുന്നതിന് എതിരായി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട സ്വത്തുക്കള്‍ ഒ.കെ വാസുവിന്റെ നേത്യത്വത്തില്‍ തിരികെ പിടിക്കുവാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Astrologer

ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഗോപുരത്തില്‍ ആലേഖനം ചെയ്ത ചുമര്‍ചിത്രങ്ങളുടെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. 2019 ലെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഡയറി മുരളി പെരുനെല്ലി എം.എല്‍.എ പ്രകാശനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറും സെക്രട്ടറിയുമായ കെ മുരളി നിയുക്ത പ്രസിഡന്റ് ഒ.കെ വാസുവിന് സത്യപ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. ഗുരുവായൂര്‍ നഗരസഭ ആക്ടിംങ് ചെയര്‍മാന്‍ കെ.പി വിനോദ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ദാസ്,
മുന്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി മോഹനന്‍ നമ്പൂതിരി, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രദീപ് മേനോന്‍, , മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കൊട്ടറ വാസു, ശശികുമാര്‍ പേരാമ്പ്ര, ടി.എന്‍ ശിവശങ്കരന്‍, ടി.കെ സുബ്രഹ്മുണ്യന്‍, പ്രദീപന്‍, വി കേശവന്‍, പി.എം സാവിത്രി, പി.പി വിമല എന്നിവര്‍ സംസാരിച്ചു. സദസ്സില്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍, പി ജയരാജന്‍, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ. കെ രാമചന്ദ്രന്‍, പി ഗോപിനാഥന്‍, ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ എസ്. വി ശിശിര്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.