മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി, അജിത് പവാറിനെ തള്ളിപ്പറഞ്ഞ് എന്‍.സി.പി നേതാവ് ശരത് പവാര്‍
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയില്‍ അനന്തരവന്‍ അജിത് പവാറിനെ തള്ളിപ്പറഞ്ഞ് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് സിംഗിന്റെ നടപടി രാഷ്ട്രീയ മര്യാദങ്ങള്‍ക്ക് നിരക്കാത്തതും പാര്‍ട്ടി വിരുദ്ധവുമാണ്. സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടായിരുന്നു. കോണ്‍ഗ്രസ്- എന്‍.സി.സി-ശിവസേന സഖ്യത്തിന് 170 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടായിരുന്നു. ആ ഭൂരിപക്ഷമാണ് ബി.ജെ.പി അട്ടിമറിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ശിവസേന, എന്‍.സി.പി എം.എല്‍.എമാരൊന്നും ബി.ജെ.പിക്കൊപ്പം പോകില്ലെന്നും പവാര്‍ പറഞ്ഞു. മുംബൈയില്‍ എന്‍.സി.പി-ശിവസേന നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പവാര്‍.
കോണ്‍ഗ്രസ് (44), ശിവസേന (56), എന്‍.സി.പി (54) എന്നിങ്ങനെ അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കക്ഷി രഹിതര്‍ അടക്കം 170 പേര്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 11 പേരാണ് അജിത് പവാറിനൊപ്പം പോയത്. അതില്‍ തന്നെ പലരേയും തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയത്. അവരില്‍ പലരും തങ്ങള്‍ക്കൊപ്പമാണ്. രാവിലെ 6.30നാണ് അജിത് പവാര്‍ ഗവര്‍ണറെ കാണാന്‍ പോയ കാര്യം താന്‍ അറിഞ്ഞത്. ചര്‍ച്ചകള്‍ക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എം.എല്‍.എമാരെ ഒപ്പംകൂട്ടിയതെന്നും പവാര്‍ പറഞ്ഞു.
അജിത് പവാറിനെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് 4.30ന് എന്‍.സി.പി എം.എല്‍.എമാരുടെ യോഗം വിളിച്ചതായും പവാര്‍ അറിയിച്ചു. പാര്‍ട്ടി നടപടിക്രമം അനുസരിച്ച് തന്നെ നടപടിയുണ്ടാകും. ഏതെങ്കിലും അന്വേഷണ ഏജന്‍സിയെ അജിത് പവാര്‍ ഭയക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല. കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് എല്ലാ എം.എല്‍.എമാര്‍ക്കും അറിവുണ്ടായിരിക്കണമെന്നും നിയമസഭാംഗത്വം നഷ്ടപ്പെടാനുള്ള സാധ്യത അവര്‍ മനസ്സിലാക്കണമെന്നും പവാര്‍ വ്യക്തമാക്കി
ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ സമയം നല്‍കിയാലും അവര്‍ക്ക് അതിനു കഴിയില്ല. അതിനു ശേഷം തങ്ങള്‍ സര്‍ക്കാരുണ്ടാക്കും. അജിത് പവാറിന്റെ കൈവശമുള്ള എം.എല്‍.എമാരുടെ പട്ടിക തങ്ങളുടെ കൈവശവുമുണ്ട്. എന്‍.സി.പിയുടെ പുതിയ നിയമസഭാ കക്ഷി നേതാവിനെ ഇന്ന് തെരഞ്ഞെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, അജിത് പവാര്‍ തങ്ങളെ പറഞ്ഞുപറ്റിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങിന് കൊണ്ടുപോയതെന്ന് അദ്ദേഹത്തിനൊപ്പം രാജ്ഭവനിലേക്ക് പോയിരുന്ന രാജേന്ദ്രസ സിംഗാനെ പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങ് കഴിയുന്നതുവരെ എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ക്ക് അറിവില്ലായിരുന്നു. ഉടന്‍തന്നെ ശരത് പവാറിന്റെ അടുത്തെത്തി പിന്തുണ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് തെരഞ്ഞെടുപ്പ് യന്ത്രത്തിലാണ് കളി നടന്നിരുന്നത്. ഇപ്പോള്‍ പുതിയ കളിയാണ് ബി.ജെ.പി നടത്തുന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രതികരിച്ചു. ഈ നിലയ്ക്കാണെങ്കില്‍ തെരഞ്ഞെടുപ്പ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പിന്നില്‍ നിന്നുകുത്തുന്നവരെയും വഞ്ചിക്കുന്നവരേയും ഛത്രപതി ശിവാജി എന്താണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ശിവസേന എം.എല്‍.എമാരെ ഭിന്നിപ്പിക്കാനും പാര്‍ട്ടിയെ തകര്‍ക്കാനും അവര്‍ ശ്രമിക്കട്ടെ. മഹാരാഷ്ട്ര വെറുതെ ഇരിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.