Madhavam header
Above Pot

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി , കെപിസിസിയില്‍ അഴിച്ചുപണി വേണമെന്ന് നേതാക്കള്‍.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ നിറംമങ്ങിയ പ്രകടനത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കെപിസിസി നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ കോണ്‍ഗ്രസ് ഹെെക്കമാന്‍ഡ് അതൃപ്‌തി അറിയിച്ചു.

കോണ്‍ഗ്രസിനുള്ളില്‍ സംഘടനാപരമായ ദൗര്‍ബല്യമുണ്ടെന്നും അഴിച്ചുപണിക്ക് തയാറാകണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസിന്റെ നല്ലതിനുവേണ്ടി രണ്ട് വാക്ക് പറഞ്ഞതിന്റെ പേരില്‍ എന്ത് നടപടി സ്വീകരിക്കാനും താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ സമൂലമായ മാറ്റം വരണമെന്നും മുഴുവന്‍ സമയ സംഘടന പ്രവര്‍ത്തനത്തിനുവേണ്ടി എംപി സ്ഥാനം രാജിവയ്‌ക്കണമെങ്കില്‍ താന്‍ അതിനും തയാറാണ്. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല, എന്നിട്ടും തോറ്റതിന് പുറം ചികിത്സ കൊണ്ട് മാത്രം പരിഹാരമുണ്ടാകില്ലെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു.

Astrologer

നേതാക്കള്‍ക്ക് കഴിവില്ലാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നതെന്ന് കെ.സുധാകരന്‍ എംപി പറഞ്ഞു. ആജ്ഞാശക്തിയുള്ള നേതാക്കളുടെ അഭാവം കോണ്‍ഗ്രസിനുണ്ട്. ആജ്ഞാശക്തിയുള്ള നേതാക്കള്‍ ഉണ്ടെങ്കില്‍ പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ അനുസരിക്കും. കെപിസിസി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണം. ഡല്‍ഹിയില്‍ പോയി ഇക്കാര്യം രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ മേജര്‍ സര്‍ജറി വേണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. കെപിസിസി ഓഫിസില്‍ മുറിയടച്ചിട്ട് മൂന്നോ നാലോ പേര്‍ ചര്‍ച്ച നടത്തുന്ന രീതിയാണ്​ ഇന്നുള്ളത്. വിമര്‍ശിക്കുന്നവരെ ശരിയാക്കുകയാണ്​. ഇങ്ങനെ പോയാല്‍ ഇനിയും ഇതേ ഫലം ആവര്‍ത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതില്‍ കാര്യമില്ല. നമ്മള്‍ പറയുന്നത് ജനം കേള്‍ക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

എം.കെ.രാഘവന്‍ എംപി, മുതിര്‍ന്ന നേതാവ് പി.ജെ.കുര്യന്‍ എന്നിവരും പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസിയില്‍ അടിയന്തര മാറ്റങ്ങള്‍ വേണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് നേതാക്കളുടെ അഭിപ്രായം.

യുഡിഎഫിനുള്ളിലും കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ക്ക് ലഭിക്കേണ്ട സീറ്റും വോട്ടും കിട്ടിയിട്ടുണ്ടെന്ന ലീഗിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ ഉന്നമിട്ടാണ്. മുന്നണിയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമാണെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. ജോസ് കെ.മാണിയെ മുന്നണിയില്‍ നിര്‍ത്താന്‍ സാധിക്കാതെ പോയത് കോണ്‍ഗ്രസിന്റെ കഴിവുകേടാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Vadasheri Footer