ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തി മാത്രം ഇനി വീടിന് അനുമതി : ജില്ലാ കളക്ടര്‍
തൃശ്ശൂർ : പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ വീടു നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ആ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഇനി അനുമതി നല്‍കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. ഇത് അവരെ ബോധ്യപ്പെടുത്തും. മറ്റ് വാസയോഗ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവരെ അവിടേക്കു മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും കളക്ടര്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ അവലോകനയോഗത്തില്‍ വ്യക്തമാക്കി.
ഉരുല്‍പ്പൊട്ടലില്‍ 19 പേര്‍ മരിയ്ക്കാനിടയായ കുറാഞ്ചേരി, പുത്തൂര്‍, നടത്തറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയ പശ്ചാത്തലത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് റവന്യൂ ഭൂമി നല്‍കുന്നതോടൊപ്പം പഞ്ചായത്തുഭൂമിയും അനുവദിച്ചു നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ മേഖലയിലെ മണ്ണ് നീക്കാന്‍ ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണ് നീക്കാന്‍ പഞ്ചായത്തുകള്‍ക്ക് വരുന്ന അപേക്ഷകള്‍ നിരസിക്കരുത്. അത് ജിയോളജി വകുപ്പിന് കൈമാറണം. പുതിയ വീടുകളുടെ നിര്‍മ്മാണത്തില്‍ ശാസ്ത്രീയത ഉണ്ടോയെന്ന് പരിശോധിക്കണം. പുതിയ സ്ഥലത്ത് വീടുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍, എ.ഇമാര്‍ എന്നിവര്‍ ചര്‍ച്ച നടത്തണം. കുന്നിനു മുകളില്‍ മഴക്കുഴി നിര്‍മ്മിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി.
ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ പ്രദേശങ്ങളിലെ ആളുകള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കണം. പുതിയ വീടു വെയ്ക്കുന്നിടത്ത് ഡ്രൈനേജ് സംവിധാനത്തിനുള്ള പ്രത്യേക സൗകര്യം ഒരുക്കണം. ഇത്തരം മേഖലയില്‍ ചെറിയ പ്രകൃതി നീര്‍ച്ചോലകള്‍ പോലും നശിപ്പിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വാസയോഗ്യമല്ലാത്ത ഇടങ്ങളില്‍ വീടിന് അനുമതി നല്‍കരുത്. അതിരപ്പിള്ളി ആനക്കയം മലയോരമേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് ആളുകള്‍ക്ക് സ്ഥലം അനുവദിക്കേണ്ടതിനായി ഇനിയും പരിശോധന വേണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നഷ്ടം കണക്കാക്കി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പുത്തൂര്‍, നടത്തറ പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നതായി സീനിയര്‍ ജിയോളജിസ്റ്റ് എം. രാഘവന്‍ അറിയിച്ചു. മലയോര മേഖലയില്‍ വാസയോഗ്യമായ സ്ഥലത്ത് വീടുവെയ്ക്കാനുള്ള ഭാഗങ്ങളില്‍ നിന്നു മാത്രം മണ്ണെടുത്താല്‍ മതി. മണ്ണിടിച്ചില്‍ തടയുന്നതുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നതിന്‍റെ അളവ് എന്‍ജിനീയര്‍മാര്‍ പരിശോധിക്കണം. വീടുകള്‍ക്കു പിറകിലുള്ള കുന്നുകള്‍ കുത്തനെ ഇടിയ്ക്കരുത്. വനത്തിനുള്ളില്‍ നിന്നും മണ്ണെടുക്കുന്ന അവസാനിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.