ബന്ധുനിയമനം: എഎൻ ഷംസീറിന്‍റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തലശ്ശേരി എംഎൽഎ എ.എൻ.ഷംസീറിന്‍റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസർ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ ഡോ.എം.പി.ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്‍റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നായിരുന്നു ഡോ. എം.പി.ബിന്ദു ഹർജിയിൽ ആരോപിച്ചിരുന്നത്.

ഇക്കാര്യത്തിൽ സർക്കാരിനോടും കണ്ണൂർ സർവകലാശാലയോടും നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ജനറൽ കാറ്റഗറിയിൽ അസിസ്റ്റന്‍റ് പ്രൊഫസർമാരെ വിളിയ്ക്കുന്നു – എന്നായിരുന്നു വിജ്ഞാപനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ആ വിജ്ഞാപനം ഷംസീറിന്‍റെ ഭാര്യയ്ക്ക് വേണ്ടി ഒബിസി മുസ്ലിം എന്നാക്കി തിരുത്തി എന്നായിരുന്നു ഡോ.എം.പി.ബിന്ദുവിന്‍റെ പരാതി.