കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 50 കോടിയുടെ വികസനം: മന്ത്രി എ സി മൊയ്തീൻ
കുന്നംകുളം : കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 50 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പഴഞ്ഞി സി എച്ച് സി യിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുന്നംകുളം നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തും. മികച്ച നിലവാരത്തിൽ അക്കിക്കാവ് – പഴഞ്ഞി ജറുസലേം റോഡ്, പോർക്കുളം – കാട്ടകാമ്പാൽ റോഡ്, അയിനൂർ – കടവല്ലൂർ റോഡ് എന്നിവ നവീകരിക്കും. ഇവയ്ക്കായി 13.5 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം വി പ്രശാന്ത്, എൻ എ ഇക്ബാൽ, പ്രീതി സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി കെ സദാനന്ദൻ, യു പി ശോഭന, ഷേർളി ദിലീപ്കുമാർ, ഓമന ബാബു, കെ എസ് കരീം, രമണി രാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ പ്രഭുകുമാർ, പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീമാല, സി എച്ച് സി സൂപ്രണ്ട് ഡോ. വാസുദേവൻ എന്നിവർ സംസാരിച്ചു.