ഹൈകോടതി വിധി,കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി പൊളിഞ്ഞു : പി.കെ ഫിറോസ്
മലപ്പുറം: ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈകോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. കെ.ടി ജലീലിന്‍റെ അധാർമിക രാഷ്ട്രീയ പ്രവർത്തനത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ആവശ്യപ്പെട്ടു.
ജലീലിന്‍റെ കൂട്ടുക്കച്ചവടത്തിൽ രണ്ടാം കക്ഷി മുഖ്യമന്ത്രിയാണ്. സത്യവും ധാർമികതയും ജയിക്കുമെന്നാണ് ജലീൽ എപ്പോഴും പറയുന്നത്. എന്നാൽ, അസത്യവും അധാർമികതയും ചെയ്യുന്ന ഒരാൾക്ക് ലഭിക്കുന്ന സ്വഭാവിക തിരിച്ചടിയാണിതെന്നും നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബന്ധുനിയമനത്തിൽ കെ.ടി. ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്ന ലോകായുക്ത വിധി ശരിവെച്ച ഹൈകോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
ബന്ധുനിയമനത്തിൽ കെ.ടി. ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത വിധിച്ചത്. മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീലിന്‍റെ പ്രവൃത്തി ന്യായീകരിക്കാനാവില്ല. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചത്.”, ലോകായുക്ത ഉത്തരവിൽ അപകാതയില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഹരജി ഫയലിൽ സ്വീകരിക്കാതെയാണ് തള്ളിയത്.