Above Pot

ഏതു മാനദണ്ഡം ഉപയോഗിച്ചാലും കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം- ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:  കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതേക്കുറിച്ചു പഠിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉള്‍പ്പെടുത്തി അടിയന്തരമായി സമിതി രൂപീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

“ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 10 ജില്ലകളില്‍ 7ഉം കേരളത്തിലാണ്.   രാജ്യത്ത് പ്രതിദിനമുള്ള കേസുകളില്‍ അമ്പതു ശതമാനവും ഇവിടെ. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരത്തില്‍. 3722 മരണങ്ങളുമായി രാജ്യത്ത് പന്ത്രണ്ടാമത്.  ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ കോവിഡ് ഡാറ്റ വിശ്വാസയോഗ്യമല്ലെന്നാണ് പ്രശസ്ത സാംക്രമികരോഗ വിദഗ്ധന്‍ ഡോ. രാമന്‍ കുട്ടി ചൂണ്ടിക്കാട്ടിയത്”, ഉമ്മൻചാണ്ടി പറഞ്ഞു..

“കോവിഡ് പരിശോധനയിലെ ദയനീയ പരാജയമാണ് കേരളത്തിന്റെ തിരിച്ചടിക്കു കാരണം. ശനിയാഴ്ച 59,759 ടെസ്റ്റുകളാണ് നടന്നത്. ഇത് ഒരു ലക്ഷമെങ്കിലും ആക്കണമെന്ന് ആരോഗ്യവിദഗ്ധരും  സംഘടനകളും ദീര്‍ഘനാളായി ആവശ്യപ്പെട്ടതാണ്. കൂടുതല്‍ ടെസ്റ്റ് നടത്തിയാല്‍ കൂടുതല്‍ രോഗികളെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഒരു വര്‍ഷമായിട്ടും ടെസ്റ്റിങ്ങിനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ വ്യാപിപ്പിച്ചില്ല. സര്‍ക്കാരിലെ തന്നെ വലിയൊരു വിഭാഗം വിദഗ്ധരെയും സ്വകാര്യമേഖലയെയും അവഗണിച്ചത് കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തി. സ്വകാര്യമേഖലയെ കൂടുതല്‍ സഹകരിപ്പിക്കുകയും  കൂടുതല്‍ ടെസ്റ്റുകളും ടെസ്റ്റിങ് സെന്ററുകളും ഏര്‍പ്പെടുത്തുകയും വേണം”.

 

കൂടുതല്‍ ജനസാന്ദ്രത  കേരളത്തിലാണെന്നും പ്രായമായവരും പ്രമേഹ രോഗികളും കൂടുതലാണെന്നും മറ്റുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിനെയും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ ഡല്‍ഹി, യുപി, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങിയ  സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കോവിഡ് നിയന്ത്രിക്കപ്പെട്ടു.  പ്രമേഹരോഗികളുടെ കാര്യമെടുത്താലും കേരളത്തെക്കാള്‍ മുന്നില്‍ സംസ്ഥാനങ്ങളുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണവിധേയമാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.