Madhavam header
Above Pot

മാധ്യമപ്രവര്‍ത്തകര്‍ക്കും തരൂരിനുമെതിരായ കേസ് ,ജനാധിപത്യത്തിന്റെ അന്തസ്സ് കീറിമുറിച്ചു- പ്രിയങ്ക

Astrologer

ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകര്‍ക്കും ശശി തരൂര്‍ എംപിക്കുമെതിരായ എഫ്‌ഐആറില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. എഫ്‌ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭയത്തിന്റെ അന്തരീക്ഷം ജനാധിപത്യത്തിന് അപകടകരമാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ജനപ്രതിനിധികള്‍ക്കെതിരേയും എഫ്‌ഐആർ ഇട്ടതിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി സർക്കാർ കീറി മുറിച്ചു”,  പ്രിയങ്ക ഗാന്ധി പറഞ്ഞു.  

ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരേയും ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നോയിഡ പോലീസ് കേസെടുത്തിരുന്നു.

മൃണാള്‍ പാണ്ഡെ, രാജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് എഫ്ഐആര്‍ ചുമത്തിയത്.

മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. ട്രാക്ടർ റാലിയും തുടർന്നുണ്ടായ സംഭവങ്ങളും റിപ്പോർട്ട്ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും പോലീസ് കേസെടുത്ത നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പ്രസിഡന്റ് സീമ മുസ്തഫയും ജനറൽ സെക്രട്ടറി സഞ്ജയ് കപൂറും പ്രസ്താവനയിൽ പറയുന്നു.

ട്രാക്ടർ മറിഞ്ഞ് കർഷകൻ മരിച്ച സംഭവത്തിൽ ട്വീറ്റ് ചെയ്തതിന്റെയും വാർത്ത നൽകിയതിന്റെയും പേരിലാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിഷേധറാലിയും തുടർന്നുള്ള സംഘർഷവുംനടന്ന ദിവസം ഒട്ടേറെ റിപ്പോർട്ടുകളാണ് ദൃക്‌സാക്ഷികളിൽനിന്നും പോലീസിൽനിന്നുമായി വന്നത്. അവയെല്ലാം റിപ്പോർട്ട് ചെയ്യുകയെന്ന സ്വാഭാവികമായ പ്രവർത്തനരീതിമാത്രമാണ് അവർ നടത്തിയത്. ഇത് മാധ്യമപ്രവർത്തനത്തിന്റെ ഭാഗംമാത്രമാണെന്നും എഡിറ്റേഴ്‌സ് ഗിൽഡ് പറഞ്ഞു.

Vadasheri Footer