Above Pot

കൊച്ചിയിലെ ഒലിവ് ബില്‍ഡേഴ്‌സ് വീട് നഷ്ടപെട്ട അൻപത് പേർക്ക് ഫ്ലാറ്റ് നല്കും

കൊച്ചി: പ്രളയദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്‌മെന്റ് നിര്‍മാതാക്കളായ ഒലിവ് ബില്‍ഡേഴ്‌സ്. കൊച്ചിയില്‍ തിരുവാങ്കുളത്തിനടുത്ത് തിരുവാണിയൂരിലാണ് മൂന്നു നിലകളാലായി ‘ഗുഡ്‌നെസ് വില്ലേജ്’ എന്ന പേരില്‍ 50 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച രേഖകള്‍ ഒലിവ് ബില്‍ഡേഴ്‌സ് ചെയര്‍മാന്‍ ഡോ. പി.വി. മത്തായിയും ഡയറക്ടര്‍ നിമ്മി മാത്യുവും മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ഉള്‍പ്പെടുന്ന ഓരോ അപ്പാര്‍ട്ട്‌മെന്റിനും 512 ചരുരശ്ര അടി വിസ്തൃതിയുണ്ടായിരിക്കും. ഏറ്റവും ആധുനികമായ രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വേഗം സര്‍ക്കാരിനു കൈമാറുമെന്ന് ഡോ. പി.വി. മത്തായി അറിയിച്ചു. പ്രളയത്തില്‍ സ്ഥലവും വീടും നഷ്ടമായവരില്‍ നിന്ന് അമ്പതു കുടുംബങ്ങളെ തെരഞ്ഞെടുത്ത് ഫ്‌ളാറ്റുകള്‍ കൈമാറാനുള്ള ചുമതല സര്‍ക്കാരിനായിരിക്കും. നിര്‍മ്മാണം തുടങ്ങുതിനായി സ്ഥലം നിരപ്പാക്കി കഴിഞ്ഞു. വിവിധ അനുമതികള്‍ക്കായി അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

ആകെ 1.26 ഏക്കര്‍ വിസ്തൃതി വരുന്ന സ്ഥലത്താണ് കെട്ടിട സമുച്ചയം പണിയുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ 54 സെന്റ് സ്ഥലം വിനിയോഗിക്കും. ബാക്കിയുള്ള 72 സെന്റ് സ്ഥലത്ത് വോളീബോള്‍ കോര്‍ട്ട്, ബാഡ്മിന്റന്‍
കോര്‍ട്ട് എന്നിവയും ഒരു ജോഗിങ്ങ് ട്രാക്കും നിര്‍മ്മിക്കും. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി പ്രത്യേക കേന്ദ്രങ്ങള്‍ക്ക് പുറമെ നല്ലൊരു വായനശാലയും റീഡിങ്ങ് റൂമും സജ്ജീകരിക്കും.

35 വര്‍ഷമായി കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രെഡായ് അംഗമായ ഒലിവ്, ഹോട്ടല്‍ ബിസിനസ്സിലും സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ക്ഷേമപ്രവര്‍ത്തനങ്ങളിലും കമ്പനി ഏര്‍പ്പെടുന്നുണ്ട്