കെവിന്‍ വധക്കേസ് , വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി
കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിധി പറയാനായി 22ലേക്ക് മാറ്റിവെച്ചത്. കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ നടന്ന വാദമാണ് വിധി മാറ്റാന്‍ കാരണമായത്.
കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് കേസിലെ മുഖ്യ സാക്ഷി ലിജോയോട് ഷാനു പറഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
അതേസമയം, കെവിന്റേത് ദുരഭിമാനക്കൊലയല്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്. ഇതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് വിധി പറയാൻ മാറ്റിയത്.
ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയാനൊരുങ്ങിയിരിക്കുന്നത്.
കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പേരാണ് കേസിലെ പ്രതികൾ. 258 പ്രമാണങ്ങള്‍ ഹാജരാക്കുകയും 114 സാക്ഷികളെയുമാണ് കേസിനായി കോടതി വിസ്തരിച്ചത്. അതില്‍ ആറ് പേര്‍ കൂറുമാറി.
വധശിക്ഷ വരെ ലഭിക്കാവുന്നവ 10 വകുപ്പുകളാണ് പ്രധാനമായും ചുമത്തിയത്. 302-നരഹത്യ, 364 എ-തട്ടിയെടുത്തു വിലപേശല്‍,120 ബി-ഗൂഡാലോചന,449 ഭവനഭേദനം,321 പരിക്കേല്‍പ്പിക്കല്‍,342 തടഞ്ഞ് വെക്കല്‍,506-2 ഭീഷണിപ്പെടുത്തല്‍,427 നാശം വരുത്തല്‍,201 തെളിവ് നശിപ്പിക്കല്‍,34 പൊതു ഉദ്ദേശത്തോടെ ഒന്നിച്ച് ചേരല്‍ എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.
2018 മെയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2018 മേയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയില്‍ ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു. 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.
കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍.