നവംബര്‍ ഒന്നുമുതല്‍ കേരളം ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്: മന്ത്രി എ.സി. മൊയ്തീന്‍
തൃശൂർ : സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എ.സി. മൊയ്തീന്‍. ചാലക്കുടി ടൗണ്‍ഹാള്‍ പരിസരത്ത് ജില്ലാ ഗാന്ധിജയന്തി വാരാചരണം പ്രളയാനന്തര പുനര്‍നിര്‍മ്മാണവും പ്രകൃതി പുന:സ്ഥാപനവും തീവ്രശുചീകരണ യജ്ഞ സമാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിലും ഓഫീസുകളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും.
ഇന്ന് കേരളം നേരിടുന്ന എറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് മാലിന്യം പുറന്തള്ളല്‍. മാലിന്യം മനുഷ്യജീവിതത്തിന് എത്രത്തോളം ഭീഷണി ഉയര്‍ത്തുന്നുവെന്ന് പ്രളയത്തിലൂടെ കേരളത്തിന് മനസിലായതാണ്. എന്നാല്‍ ഇപ്പോഴും അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന പ്രവണതയുണ്ട്. ഇതിനെതിരായി ഓരോ വ്യക്തിയും കുടുംബവും നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ ഒരുമിച്ചുനിന്നാണ് കേരളം നേരിട്ടത്. ഈ കൂട്ടായ്മ മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പടെയുള്ള പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണ്. എല്ലാവരെയും ഒരുമിപ്പിച്ചുള്ള ഗാന്ധിയന്‍ കര്‍മ്മപദം ഈ സാഹചര്യത്തില്‍ അനുകരണീയമാണ്. ഗാന്ധിജയന്തി വാരാചരണം മാലിന്യത്തിനെതിരായി പുതിയ അവബോധം സൃഷ്ടിക്കുന്നതിന് അനിവാര്യമാണ്. പ്രകൃതിയേയും വിഭവങ്ങളേയും സംരക്ഷിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ. ഇതിന് എല്ലാവരും ഒരുമനസായി നില്‍ക്കണമെന്നും പ്രളയകാലത്തെ ഐക്യം പ്രളയാനന്തര പുനര്‍നിര്‍മാണത്തിലും വേണമെന്നും അദ്ദേഹം പറഞ്ഞു.