കന്യാസ്ത്രീ ബലാത്സംഗം , ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല

">

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. തുടർച്ചയായ പതിനൊന്നാം ദിവസവും ബിഷപ്പ് ജയിലിൽ തുടരും. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗകേസായതിനാല്‍ കേസിന്‍റെ മറ്റ് വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ബിഷപ്പിന്‍റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. അറസ്റ്റ് കൊണ്ട് അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിൽ പ്രാഥമിക അന്വേഷണം നടക്കുന്നേയുള്ളൂ, സഭയിൽ ഉന്നതസ്വാധീനമുള്ള ബിഷപ്പിനെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിയ്ക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം നിഷേധിച്ചത്. വിധി പറയുന്നതിന് തൊട്ടുമുമ്പ് പോലീസ് മുദ്രവച്ച കവറില്‍ കോടതിക്ക് മുമ്പാകെ ഒരു രേഖ സമര്‍പ്പിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കോടതി തീരുമാനം. കേസ് അട്ടിമറിയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഡിജിപി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിയ്ക്കാനുള്ള ശ്രമം, സാക്ഷികളെ സ്വാധീനിയ്ക്കാൻ ശ്രമം എന്നിങ്ങനെ മറ്റ് കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors