Above Pot

സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന റിപ്പോർട്ട് ഇന്നലെ അർദ്ധ രാത്രിയാണ് സംസ്ഥാനത്തിന് ലഭിച്ചത് .

വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിൽ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെ സംസ്ഥാനത്ത് ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്.

Astrologer

ഇയാളുമായി അടുത്ത് ഇടപഴകിയ ഒരു സുഹൃത്തിനും മറ്റൊരാള്‍ക്കും ആദ്യഘട്ടത്തില്‍ പരിചരിച്ച രണ്ട് നഴ്സുമാര്‍ക്കും പനിയും തൊണ്ട വേദനയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് സംശയകരമായി പനി അനുഭവപ്പെടുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും കെകെ ഷൈലജ ടീച്ചര്‍ വ്യക്തമാക്കി. നിപ രോഗികള്‍ക്ക് നല്‍കേണ്ട റിബാവറിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടു വന്ന മരുന്നും കേരളത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികള്‍ അറിയിച്ചെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ വൈറോളജി ലാബില്‍ ആദ്യപരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ആളില്‍ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് യുദ്ധകാലടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 21-കാരനുമായി അടുത്ത് ഇടപഴകിയ 86 പേരെ കണ്ടെത്തി. കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചു വരികയാണ്. ഇതില്‍പ്പെട്ട നാല് പേരെയാണ് പ്രത്യേകം നിരീക്ഷിക്കുന്നത്. ഇവരില്‍ രോഗിയുടെ കുടുംബാംഗങ്ങള്‍ ആരും ഇല്ല, വിദ്യാര്‍ത്ഥി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സഞ്ചരിച്ച സ്ഥലങ്ങളിലും അടുത്ത് ഇടപഴകിയ ആളുകളേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതോടെ കോണ്‍ടാക്ട് ലിസ്റ്റില്‍ കൂടുതല്‍ പേര്‍ വന്നേക്കും

തൊടുപുഴയിലെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സെമസ്റ്റര്‍ എക്സാം കഴിഞ്ഞ് കോളേജ് അടച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. പിന്നീട് തൃശ്ശൂരില്‍ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഈ പരിശീലന പരിപാടിക്കിടെ പനി വന്നതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി.

ആദ്യം പ്രദേശത്തെ ഒരു ആരോഗ്യകേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പനിക്ക് ചികിത്സ തേടി. പനി കുറയാതെ വന്നതോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ആദ്യം ജനറല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിക്ക് പനി കുറയാതെ വന്നതോടെ വിദഗ്ദ ചികിത്സകള്‍ക്ക് വിധേയനാക്കി. ഇതിനിടയിലാണ് നിപ ബാധ സംബന്ധിച്ച് സംശയം ഉണരുന്നത്.

ആലപ്പുഴയിലെ വൈറോളജി ലാബില്‍ നിന്നുമുള്ള രക്ത പരിശോധനാ ഫലം വന്നതോടെ വിദ്യാര്‍ത്ഥിയുമായി കഴിഞ്ഞ രണ്ടാഴ്ച സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്തി കോണ്ടാകട് ലിസ്റ്റ് ഉണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ അന്‍പതോളം പേരെ കണ്ടെത്തി കഴിഞ്ഞു. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പരിചരിച്ച മാതാവും മാതൃസഹോദരിയും സ്വന്തം സഹോദരിയും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവരെ ആശുപത്രിയില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്.

കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആര്‍ക്കും തന്നെ പനിയോ ചുമയോ പോലുള്ള രോഗ ലക്ഷണങ്ങളൊന്നും ഉള്ളതായി വിവരമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താത്കാലം മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ കാണുന്ന പക്ഷം അറിയിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥി പഠിച്ച തൊടുപുഴയിലെ കോളേജും പരിസരവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നിപ വൈറസ് വിദ്യാര്‍ത്ഥിയില്‍ എത്തിയത് തൊടുപുഴ വച്ചാവാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ 21-കാരന്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്തൊരു വീടെടുത്താണ് താമസിച്ചത്.

വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒപ്പമുള്ള വിദ്യാര്‍ത്ഥികളെ പരിശോധിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ക്ക് നിപയുടെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥി അവസാനം തൊടുപുഴയിൽ താമസിച്ചത് മെയ് 16നാണെന്നും ഒന്നരമാസമായി ഈ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥിരതാമസമല്ലെന്നും പരീക്ഷാ സമയത്ത് മാത്രമാണ് അധികൃതര്‍ പറയുന്നു.

തൃശ്ശൂരില്‍ വച്ചല്ല വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നതെന്ന് തൃശ്ശൂര്‍ ഡിഎംഒ അറിയിച്ചു. ഒരു തൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കൊപ്പം തൃശ്ശൂരിലെത്തിയത്. ഇവിടെയെത്തുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥിക്ക് പനിയും മറ്റു രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. നാല് ദിവസം തൃശ്ശൂരില്‍ നിന്ന വിദ്യാര്‍ത്ഥി പിന്നീട് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. വിദ്യാര്‍ത്ഥി താമസിച്ച സ്ഥലവും ഇയാള്‍ക്കൊപ്പം നിന്നവരേയും കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിയുമായ ഇടപെട്ട ആര്‍ക്കും പനിയോ മറ്റു രോഗലക്ഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പനിയോ ബന്ധപ്പെട്ട അസുഖങ്ങളോ ശ്രദ്ധയിൽ പെട്ടാലുടൻ ചികിത്സ തേടണം. വവ്വാൽ ഉൾപ്പെടെയുള്ള ജീവികൾ കടിച്ച പഴങ്ങൾ കഴിക്കരുത്. സംശയകരമായ സാഹചര്യമുണ്ടെങ്കിൽ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ വൃത്തിയാക്കിയ ശേഷം ആഹാരം കഴിക്കുക തുടങ്ങിയ മുൻകരുതലുകൾ വേണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Vadasheri Footer