കവളപ്പാറയില്‍ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി, സൈന്യം തിരച്ചിൽ നിറുത്തി
മലപ്പുറം: പ്രളയത്തില്‍ വന്‍ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 13 പേരെ കണ്ടെത്താനുണ്ട്. കാണാതായ സൈനികന്‍ വിഷ്ണുവിന്റെയും മറ്റൊരാളുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. വിഷ്ണുവിന് സഹപ്രവര്‍ത്തകരും ബന്ധുക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ വ്യാപകമാക്കിയെങ്കിലും കൂടുതല്‍ ആളുകളെ കണ്ടെത്താനാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ ഇല്ലാത്തത് തെരച്ചിലിന് സഹായകമായി.
അതേസമയം, ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലില്‍ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. അതിനിടെ സൈന്യം തെരച്ചില്‍ നിറുത്തി. മണ്ണിനടിയിലേക്ക് അയച്ച സിഗ്നലുകള്‍ തിരികെ സ്വീകരിച്ച് വിശകലനം ചെയ്താണ് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് മനസിലാക്കുക. എന്നാല്‍, ചെളി നിറഞ്ഞ മണ്ണില്‍ ഭൂഗര്‍ഭ റഡാര്‍ ഫലപ്രദമാകുമോ എന്നു വ്യക്തമല്ല. വെള്ളിയാഴ്ച കവളപ്പാറയില്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. വയനാട്ടിലെ പുത്തുമലയിലും ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്.